Breaking News

കാപ്പ കേസ് പ്രതി സ്വയം കുത്തി പരിക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു; സംഭവം കഠിനംകുളത്ത്

പ്രതി സജീര്‍

കഠിനംകുളം: കാപ്പ കേസ് പ്രതി സ്വയം കുത്തി പരിക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. കഠിനംകുളം ചിറ്റാറ്റുമുക്ക്, ചിറയ്ക്കല്‍ കേവില്‍വിളാകം വീട്ടില്‍ സക്കീറിന്റെ മകന്‍ സജീര്‍(27) ആണ് സ്വയം കുത്തി പരിക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്. രണ്ട് തവണയാണ് ഇയാള്‍ സ്വയം കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറായ അനന്തകൃഷ്ണനും പരിക്കേറ്റു.

ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഓഫീസര്‍ അനന്തകൃഷ്ണന്‍

വ്യാഴാഴ്ച രാത്രി ഏഴരയോടെ സജീറിനെ കഠിനംകുളം പോലീസ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ പ്രതി ബാത്ത്‌റൂമില്‍ പോവുകയും ബാത്ത്‌റൂമിന് അടുത്തുള്ള ഗ്രില്ല് പൊളിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രക്ഷപെടാനുള്ള പ്രതിയുടെ ശ്രമം സിവില്‍ പോലീസ് ഓഫീസറായ അനന്തകൃഷ്ണന്‍ തടഞ്ഞതോടെ ബാത്ത്‌റൂമിന്റെ പരിസരത്തുനിന്നും എടുത്ത കത്തി ഉപയോഗിച്ച് പ്രതി സ്വയം കുത്തി മുറിവേല്‍പിക്കുകയും അനന്തകൃഷ്ണനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് രണ്ടുപോരെയും ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം തിരിച്ച് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രതി സജീര്‍ ആശുപത്രിയില്‍നിന്നും കൈക്കലാക്കിയ സര്‍ജിക്കല്‍ ബ്ലെയ്ഡ് ഉപയോഗിച്ച് വീണ്ടും സ്വയം കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ചിറയിന്‍കീഴ് ഗവണ്‍മെന്റ് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

കാപ്പ നിയമപ്രകാരം പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപെടാന്‍ ശ്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പോലീസ് ഓഫീസറെ ആക്രമിച്ച് പരിക്കേല്‍പിച്ചതിനും സജീറിനെതിരെ കേസ് എടുത്തിട്ടുണ്ട്. കേസില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് കഠിനംകുളം പോലീസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സജീര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *