

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നല്‍കിയ നോട്ടീസ് ലോക്‌സഭാ സ്പീക്കര്‍ അംഗീകരിച്ചു. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി, ബി.ആര്‍.എസ് നേതാവ് നമ നാഗേശ്വര എന്നിവരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പാലിക്കുന്ന മൗനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് മുതിര്‍ന്നിട്ടുള്ളത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കം മുതല്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മറുപടി പറയണമെന്ന ആവശ്യം ഉന്നയിച്ച പ്രതിപക്ഷത്തോട് റൂള്‍ 176 അനുസരിച്ച് ഹ്രസ്വ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി മറുപടി പറയുമെന്നുമുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

