

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ്, പരവൂര്‍, തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ 11 മത്സ്യത്തൊഴിലാളികള്‍ ഇറാന്റെ പിടിയില്‍. അജ്മാനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി സംഘത്തെയാണ് അതിര്‍ത്തി ലംഘനത്തിന് ഇറാന്‍ കാസ്റ്റഡിയിലെടുത്തത്. അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോര്‍ജ്(54), മാമ്പള്ളി സ്വദേശി ആരോഗ്യ രാജ്(43), മാമ്പള്ളി ഓലുവിളാകം സ്വദേശി ഡെന്നിസണ്‍ പൗലോസ്(48), കായിക്കര കുളങ്ങര പടിഞ്ഞാറില്‍ സ്റ്റാലിന്‍ വാഷിംഗ്ടണ്‍(44), മാമ്പള്ളി പുതുമണല്‍ പുരയിടത്തില്‍ ഡിക്‌സണ്‍.എല്‍(46) തുടങ്ങിയവരാണ് ഇറാന്‍ പോലീസിന്റെ പിടിയിലായത്.

ജൂണ്‍ 18 ഞായറാഴ്ച വൈകുന്നേരമാണ് ഇവര്‍ അജ്മാനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയത്. വള്ളം ഉടമയായ അജ്മാന്‍ സ്വദേശിയും സംഘത്തിലുണ്ട്. അഞ്ചുതെങ്ങ് സ്വദേശികള്‍ ഉള്‍പ്പെട്ട സംഘം അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ ഇറാനില്‍ പോലീസ് പിടിയിലായ വിവരം കഴിഞ്ഞ തിങ്കളാഴ്ച തന്നെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു എന്നാല്‍ ഇതേ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊ ഇവരെ ബന്ധപ്പെടുവാനോ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പരിഭ്രാന്തരായിരുന്നു.

ഇതിനിടെ സംഘത്തിലുള്ള സാജു ജോര്‍ജ്ജ് വീട്ടില്‍ ഫോണ്‍ വിളിക്കുകയും തങ്ങള്‍ ഇറാന്‍ പോലീസിന്റെ കസ്റ്റഡിയില്‍ തുടരുകയാണെന്നും, അടിയന്തരമായി ഗവണ്മെന്റ് തലത്തിലുള്ള ഇടപെടലുണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക് മോചനം സാധ്യമാകുകയുള്ളൂവെന്നും മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ടെലഫോണ്‍ കോളിലൂടെ അറിയിക്കുകയുമായിരുന്നു. എത്രയും പെട്ടെന്ന് തന്നെ പിടിയിലായവരെ നാട്ടിലെത്തിക്കാനുള്ള ശക്തമായ ഇടപെടലുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പറയുന്നത്.
