

ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി വിജിലന്‍സ്. കെ.സുധാകരന്റെ വരുമാന സ്രോതസ്സിനെ കുറിച്ചുള്ള പ്രാഥമിക അന്വേഷണം ആരംഭിച്ചതിന്റെ പിന്നാലെയാണ് ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടീസ് അയച്ചത്. കെ.സുധാകരന്റെ വരുമാന സ്രോതസ്സിനെ കുറിച്ച് മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ അന്വേഷണം. കണ്ണൂരില്‍ ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നടക്കം വന്‍ തോതില്‍ സുധാകരന്‍ പണം പിരിച്ചിരുന്നുവെന്നും ഇതില്‍ വലിയ തോതില്‍ തട്ടിപ്പ് നടത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് പ്രശാന്ത് ബാബു സുധാകരനെതിരെ വിജിലന്‍സിന് പരാതി നല്‍കിയത്.

അതേസമയം, എം.വി.ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. തന്റെ സാമ്പത്തിക ഇടപാടുകളും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ടെന്ന് കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്കൗണ്ട് വിവരങ്ങള്‍ അറിയിക്കാന്‍ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ വെളിപ്പെടുത്തി. ദില്ലിയിലെത്തിയത് രാഹുല്‍ ഗാന്ധിയെ കാണാനാണെന്നും സുധാകരന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

