
ലക്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടിനു പിന്നാലെ അതിനെ സാധൂകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വന്നതോടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.
പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായതിനാലാണ് നുണപരിശോധന നടത്തുന്നതെന്നാണ് യുപി പൊലീസിന്റെ വിശദീകരണം. പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് പൊലീസിന്റെ വിചിത്ര നടപടി.
കഴുത്തിലുണ്ടായ പരുക്കാണു മരണകാരണമെന്നാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശമുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ മൊഴിയിലും പീഡിപ്പിച്ചതായി പറഞ്ഞിട്ടില്ലെന്നും മര്‍ദിച്ചെന്നു മാത്രമാണു സൂചിപ്പിച്ചതെന്നുമായിരുന്നു എഡിജിയുടെ വിശദീകരണം. സംഭവത്തിന്റെ പേരില്‍ ജാതിസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെ പിടികൂടുമെന്നും എഡിജി പറഞ്ഞിരുന്നു.
എന്നാല്‍, പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പി ഉള്‍പ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിനു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ ഹത്രസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷറിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.