
തിരുവനന്തപുരം: കോവിഡിനെതിരേ സംസ്ഥാനത്ത് ജാഗ്രതക്കുറവ് സംഭവിച്ചെന്നും നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം ജനങ്ങള്‍ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായ പശ്ചാത്തലത്തിലാണ് നാടിനെ രക്ഷിക്കാന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. കോവിഡ് ബാധിതരെ കണ്ടെത്താന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശക്തമായ പ്രതിരോധ സംവിധാനത്തിലൂടെ മാത്രമേ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത കോവിഡ് വൈറസിനെ ചെറുത്ത് തോല്‍പിക്കാനാവൂ. അതിനാല്‍ ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ് എത്രകാലം നിലനില്‍ക്കുമെന്ന് അറിയാത്ത സാഹചര്യത്തില്‍ രോഗവ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ അടച്ചിടാന്‍ സാധിക്കില്ല- അദ്ദേഹം പറഞ്ഞു.
കടകളില്‍ പോകുമ്പോള്‍ ജനങ്ങള്‍ കൃത്യമായ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സാധനങ്ങള്‍ തൊട്ടുനോക്കേണ്ട കടയാണെങ്കില്‍ ഗ്ലൗസ് ധരിച്ച് മാത്രമേ കയറാന്‍ പാടുള്ളു. കടകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെങ്കില്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.