
മണാലി: സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമായ അടല്‍ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അടക്കമുള്ളവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മണാലിയില്‍നിന്ന് ലേയിലേക്കുള്ള യാത്രദൂരം 46 കി.മീ കുറയ്ക്കാനും 5 മണിക്കൂര്‍ യാത്രാസമയം ലാഭിക്കാനും ഈ പാത ഉപകരിക്കും. മണാലി-ലഡാക്ക് ദേശീയപാതയില്‍ വര്‍ഷത്തിന്റെ പകുതി ദിവസവും മഞ്ഞുവീഴ്ച കാരണം അടച്ചിടുന്ന റോഹ്തങ് ചുരം ഒഴിവാക്കി അടല്‍ ടണലിലൂടെ യാത്രചെയ്യാം. റോഹ്തങ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് അടല്‍ ടണല്‍ നിര്‍മിച്ചിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ തന്ത്രപ്രധാനമായ പാതയാണ് അടല്‍ തുരങ്കപാത. പ്രധാന സൈനിക പോസ്റ്റായ ലാഹോളിലേക്ക് ഇന്ത്യന്‍ സൈന്യത്തിന് ഏത് കാലാവസ്ഥയിലും ഈ പാതയിലൂടെ പ്രവേശിക്കാനാവും.
അതിര്‍ത്തിയിലേക്ക് അടിയന്തരഘട്ടത്തില്‍ കൂടുതല്‍ യുദ്ധസാമഗ്രികള്‍ കാലതാമസം കൂടാതെ എത്തിക്കാന്‍ ഈ തുരങ്കം സഹായകമാകും. തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 80 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്.
വിനോദ സഞ്ചാരികള്‍ക്കും ഈ പാത വളരെയധികം പ്രയോജനം ചെയ്യും. ശൈത്യം കാരണം സഞ്ചാരികള്‍ ഇതുവരെ എത്തിപ്പെടാതിരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ പാത ഉപകരിക്കും. കനത്ത മഞ്ഞുവീഴ്ച കാരണം ശൈത്യകാലത്ത് ഒറ്റപ്പെട്ട അവസ്ഥയിലാകുന്ന ആദിവാസി സമൂഹം തിങ്ങിപ്പാര്‍ക്കുന്ന ലാഹോള്‍, സ്പിതി ജില്ലകളെ ഹിമാചലിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനും ഈ പാത പ്രയോജനപ്പെടും.