
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.ഡിയുടെ റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തുന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ടിലുള്ളത്.
കൂടാതെ, ഇക്കാര്യം അറിയാവുന്ന ഒരു ടീം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടെന്നും ഇ.ഡി പറയുന്നു. ശിവശങ്കറിന്റെ കസ്റ്റഡി ഒരു ദിവസം കൂടി നീട്ടിക്കിട്ടാനുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ലൈഫ് മിഷന്‍ അഴിമതി ഇടപാട്, കെ.ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവയിലെ സംബന്ധിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നന്നും ഇ.ഡി പറയുന്നു.
യൂണിടാകിനെ കൊണ്ടുവന്നതിലൂടെ ലൈഫ് പദ്ധതിയില്‍ അഴിമതിയുടെ സാധ്യത സൃഷ്ടിച്ചതും ശിവശങ്കറാണെന്ന് ഇഡിയുടെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച കോടതി ശിവശങ്കറിനെ ഒരു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കി.
നയതന്ത്ര ചാനലിലൂടെ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കടത്തിയെന്ന കാര്യവും ശിവശങ്കറിന് അറിയാമെന്ന സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്. ശിവശങ്കറുമായി അടുത്ത ബന്ധമുള്ള ചിലരുടെ പേരുകള്‍ സ്വപ്‌ന വെളിപ്പെടുത്തിയതായും ഇ.ഡി കോടതിയെ ബോധിപ്പിച്ചു.