Breaking News

ലൈഫ് മിഷന്‍: മുഴുവന്‍ കരാറുകളും സംശയകരമെന്ന് ഇ.ഡി

എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്‌

കൊച്ചി: സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൈഫ് മിഷന്റെ മുഴുവന്‍ കരാറുകളും സംശയകരമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
ലൈഫ് മിഷന്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 36 പ്രൊജക്ടുകളുണ്ട്. ഇതില്‍ 26 പദ്ധതികളും രണ്ട് പേര്‍ക്ക് മാത്രമായി ലഭിച്ചതാണ് ലൈഫ് മിഷന്‍ പദ്ധതിയാകെ സംശയത്തിന്റെ നിഴലിലാക്കുന്നത്.
ലൈഫ് പദ്ധതിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് കൈമാറിയെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
യൂണിടാകിനെ കൊണ്ടുവന്നതിലൂടെ ലൈഫ് പദ്ധതിയില്‍ അഴിമതിയുടെ സാധ്യത സൃഷ്ടിച്ചതും ശിവശങ്കറാണെന്ന് ഇഡിയുടെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച കോടതി ശിവശങ്കറിനെ ഒരു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കി.
നയതന്ത്ര ചാനലിലൂടെ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കടത്തിയെന്ന കാര്യവും ശിവശങ്കറിന് അറിയാമെന്ന സ്വപ്‌ന മൊഴിനല്‍കിയിട്ടുണ്ട്. ശിവശങ്കറുമായി അടുത്ത ബന്ധമുള്ള ചിലരുടെ പേരുകള്‍ സ്വപ്‌ന വെളിപ്പെടുത്തിയതായും ഇ.ഡി കോടതിയെ ബോധിപ്പിച്ചു.
ശിവശങ്കര്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന് പിന്നില്‍ വലിയ രീതിയില്‍ വേരൂന്നിയ ഗൂഢാലോചനയുണ്ട്. രാജ്യത്തിന്റെ സാമ്പത്തികനിലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യത്തിലാണ് ശിവശങ്കര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അത് ഗൗരവത്തോടെ കാണണമെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *