Breaking News

സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിനും പങ്കെന്ന് ഇ.ഡി

എം.ശിവശങ്കര്‍, സ്വപ്ന

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ കുരുക്കിലാക്കിക്കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളില്‍ എം.ശിവശങ്കറിന് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെ ഇഡി സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്വപ്‌ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കിയതും സ്വപ്‌നയുടെ ബാങ്ക് അക്കൗണ്ടില്‍ കണ്ടെത്തിയ 30 ലക്ഷം രൂപ സ്ഥിരനിക്ഷേപമിടാന്‍ നിര്‍ദേശിച്ചതും ശിവശങ്കറാണ്. ലോക്കറെടുക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കാണാനെത്തിയ സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറമുണ്ടായിരുന്നു. സ്വപ്‌നയ്ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. ഈ ഇടപാടുകള്‍ സംബന്ധിച്ച് ശിവശങ്കര്‍ സ്വപ്‌നയുമായും ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായും നടത്തിയ വാട്‌സാപ് സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ് ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കൂടി ചേര്‍ത്തശേഷം പൂര്‍ണമായ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഇ.ഡിയുടെ ചോദ്യംചെയ്യലില്‍ സ്വപ്‌ന സുരേഷുമായി നടത്തിയ വാട്‌സാപ് സന്ദേശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അതൊന്നും ഓര്‍മ്മയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. അതുകൊണ്ടുതന്നെ ഇടപാടുകള്‍ വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സ്വപ്‌നയ്ക്ക് വിവിധ ബാങ്കുകളില്‍ നികുതിയടയ്ക്കാത്ത വന്‍ തുകയുടെ നിക്ഷേപമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നാണ് കോടതിയില്‍ ഇഡി സ്വീകരിച്ച നിലപാട്. ഇന്നു പരിഗണിക്കാനിരുന്ന പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി നീട്ടിവച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *