Breaking News

സഞ്ചാരസ്വാതന്ത്ര്യത്തില്‍ കൈകടത്തിയുള്ള അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി

ഷഹീന്‍ബാഗില്‍ നടന്ന സമരം. ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തില്‍ കൈകടത്തിയുള്ള അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഏതൊരു വ്യക്തിക്കുമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ അവകാശത്തെ ധ്വംസിക്കുന്ന വിധത്തില്‍ ആകരുതെന്നും കോടതി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഷഹീന്‍ബാഗില്‍ പൊതുനിരത്ത് കയ്യേറി നടത്തിയ സമരങ്ങള്‍ക്കെതിരെയുള്ള ഹര്‍ജിയില്‍ പുറപ്പടുവിച്ച വിധിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
സമരങ്ങള്‍ നിശ്ചിതസ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂവെന്ന് പറഞ്ഞ കോടതി സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് കോടതി ഉത്തരവിനായി കാത്തിരിക്കരുതെന്നും അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ സമരത്തില്‍ കൊളോണിയല്‍ ഭരണകൂടത്തിന് എതിരെ നടത്തിയത് പോലുള്ള സമരങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങള്‍ കയ്യേറി അനിശ്ചിത കാലത്തേക്ക് സമരം നടത്തുന്നവര്‍ക്കെതിരെ പോലീസും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് നിര്‍ദേശിച്ചു.
സാങ്കേതിക യുഗത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ സമൂഹത്തില്‍ ധ്രുവീകരണത്തിനായുള്ള അന്തരീക്ഷമാണ് സൃഷ്ടിച്ചത്. വെറും പ്രതിഷേധ സമരം ആയി ആരംഭിച്ച ഷഹീന്‍ ബാഗ് സമരം പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നതില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്.
സമാന്തര സംവാദങ്ങള്‍ക്ക് വേദി ആകുന്ന സമൂഹമാധ്യമങ്ങളില്‍ ക്രിയാത്മകമാകമായ ഫലം ലഭിക്കുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഷഹീന്‍ ബാഗ് സമരവും ഫലപ്രദമായ പരിഹാരങ്ങള്‍ക്ക് വഴിവച്ചില്ല. കോവിഡ് മഹാമാരിയുടെ പേരില്‍ ഒടുവില്‍ സമരം നീക്കുകയാണ് ഉണ്ടായത് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *