
കൊല്ലം: കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ആത്മഹത്യയില്‍ ഹാരീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതികള്‍ക്കെതിരെ ശക്തമായ ജനരോഷം നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദമുന്നയിച്ചു. എന്നാല്‍, അത് കോടതി അംഗീകരിച്ചില്ല. പ്രതിക്കെതിരെ ജനരോഷം നിലനില്‍ക്കുന്നു എന്നത് ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹത്തില്‍നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതില്‍ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്. കേസില്‍ വെള്ളിയാഴ്ച വിധി പറയും. റിമാന്‍ഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. സീരിയല്‍ നടി എന്ന നിലയില്‍ ലക്ഷ്മിക്കുള്ള ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കേസില്‍നിന്ന് രക്ഷപെടാന്‍ ശ്രമം നടക്കുന്നുവെന്ന് റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷപെടാനുള്ള അവസരമൊരുക്കുന്നുവെന്നും കുടുംബം പരാതി ഉയര്‍ത്തി. തുടര്‍ന്ന് കേസ് പത്തനംതിട്ട എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.
റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇവരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷന്‍സ് കോടതിയെ സമീപിച്ചത്.