Breaking News

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐയുടെ അധികാരപരിധി നീട്ടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

സുപ്രീംകോടതി (ഫയല്‍ചിത്രം)

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐയുടെ അധികാരപരിധി നീട്ടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാനങ്ങളില്‍ കേസ് അന്വേഷണത്തിന് അതാത് സംസ്ഥാന സര്‍ക്കാരുകളുടെകൂടി അനുമതി ആവശ്യമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശില്‍ അഴിമതി കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇത്തരത്തില്‍ ഉത്തരവിട്ടിരിക്കുന്നത്. നിയമപ്രകാരം സംസ്ഥാനങ്ങളില്‍ കേസന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ കേന്ദ്രത്തിന് സി.ബി.ഐയുടെ അധികാര പരിധി നീട്ടാനാവില്ലെന്നും കോടതി വിശദീകരിച്ചു.
ജസ്റ്റിസുമാരായ എം.എം. ഖന്‍വില്‍ക്കര്‍, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ഈ വിധി നിര്‍ണ്ണായകമാണ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയുള്ള സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ കേസ് നിലനില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍, കഴിഞ്ഞ മാസം കേരളം സി.ബി.ഐക്ക് നല്‍കിയിട്ടുള്ള പൊതുഅനുമതി പിന്‍വലിച്ചിരുന്നു. നേരത്തെ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്. മിസോറാം എന്നീ സംസ്ഥാനങ്ങളും സി.ബി.ഐക്ക് നല്‍കിയിട്ടുള്ള പൊതുഅനുമതി പിന്‍വലിച്ചിരുന്നു.
സി.ബി.ഐയുടെ അധികാരങ്ങളും അധികാരപരിധിയും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാന്‍ വകുപ്പ് അഞ്ച് കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തമാക്കുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് സമ്മതിച്ചില്ലെങ്കില്‍ അത് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *