Breaking News

അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രി; സ്വപ്‌നയുടെ മൊഴി ആയുധമാക്കി സി.പി.എം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദ സന്ദേശം ആയുധമാക്കി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സി.പി.എം നിലപാട് കടുപ്പിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സികള്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് സ്വപ്‌നയുടേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
ഇത് അന്വേഷണ ഏജന്‍സികളെ പ്രതിരോധിക്കാനുള്ള ആയുധമാക്കി സി.പി.എം വാര്‍ത്താക്കുറിപ്പ് ഇറക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നതെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുവെന്നുമാണ് സി.പി.എം വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. കേസിന്റെ തുടക്കം മുതല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് സ്വപ്‌നയുടേതായി പുറത്തുവന്ന ശബ്ദരേഖ.
അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യംവച്ച് നടത്തുന്ന നീക്കങ്ങളുടെ തെളിവാണ് സ്വപ്‌നയുടേതായി പുറത്തുവന്ന ശബ്ദരേഖ. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിനെ രാഷ്ട്രീയമായും ഭരണപരമായും എതിര്‍ക്കാന്‍ കഴിയാത്ത യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിന് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്നും സി.പി.എം പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും ഇതേ കാര്യം കോടതിയില്‍ പറഞ്ഞിരുന്നു. ശിവശങ്കറിന്റെയും സ്വപ്‌നയുടെയും മൊഴികള്‍ കണക്കിലെടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്നും തിരക്കഥയ്ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നുമാണ് സി.പി.എം പ്രസ്താവനയില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തുവരാന്‍ ജനങ്ങള്‍ തയ്യാറകണമെന്നും എല്‍.ഡി.എഫും സി.പി.എമ്മും ഇതിനെതിരെ ശക്തമായി രംഗത്തുവരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *