Breaking News

സംസ്ഥാന ഏജന്‍സികള്‍ പുലിവാലു പിടിച്ചോ? ഇ.ഡിയെ അറിയാം.

പ്രതീകാത്മക ചിത്രം

കൊച്ചി: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഏജന്‍സികള്‍ നടത്തിയ ഇടപെടലുകള്‍ പുലിവാലാകുമെന്ന് നിയമ വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുന്ന സംവിധാനത്തെ രാജ്യത്തെ നിയമം വിവിക്ഷിക്കുന്നത് രാജ്യത്തെ തകര്‍ക്കുക എന്നതുതന്നെയാണ്.
അതുകൊണ്ടുതന്നെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായ ഇ.ഡിക്ക് നല്‍കിയിട്ടുള്ള അധികാര പരിധിയും വളരെ വിപുലമാണെന്ന് നിയമരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് കൃത്യമായി മനസിലാക്കാതെയാണ് സംസ്ഥാന ഏജന്‍സികള്‍ ഇ.ഡിയോട് ഇടപെട്ടതെന്നാണ് വിദഗ്ധാഭിപ്രായം.
ബിനീഷിന്റെ വീട് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ നടത്തിയ ഇടപെടലുകളാണ് ശ്രദ്ധേയമായത്. ബാലാവകാശ കമ്മീഷന്റേത് പക്വതയില്ലാത്ത നടപടിയാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
മണിലോണ്ടറിംഗ് ആന്‍ഡ് സെര്‍ച്ച് ആക്ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷയോടെ ഇ.ഡി റെയ്ഡിന് എത്തിയാല്‍ പരിശോധനയുമായി സഹകരിക്കേണ്ടത് വീട്ടുകാരുടെ നിയമപരമായ ബാധ്യതയാണ്. ഒരു ഇന്ത്യന്‍ പൗരന് അവകാശങ്ങള്‍ മാത്രമല്ല, ബാധ്യതകളുമുണ്ടെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
കുട്ടി അമ്മയോടൊപ്പം ആയിരുന്നതുകൊണ്ടുതന്നെ കുട്ടിക്ക് ആഹാരത്തിന്റെ കാര്യത്തിലോ ആരോഗ്യത്തിന്റെ കാര്യത്തിലോ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നിയമപരമായി അതുപറയാനുള്ള അവകാശം അമ്മയ്ക്ക് മാത്രമാണ്. ഇ.ഡിക്കാണ് പരാതി നല്‍കേണ്ടതും.
ഈ സാഹചര്യത്തില്‍ മറ്റൊരാള്‍ നല്‍കിയ പരാതിയുമായി എത്തിയ ബാലാവകാശ കമ്മീഷന്‍ ചെയ്തത് നിയമപരമായി തെറ്റാണ്. റെയ്‌നിനെത്തിയ ഉദ്യോഗസ്ഥര്‍ 17 എ ഓണ്‍ ആക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാല്‍ റെയ്ഡ് തടസ്സപ്പെടുത്തിയെന്ന് കുറ്റത്തിന് സമാധാനം പറയേണ്ടിവരുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ലോക്കല്‍ പോലീസിന്റെ ഇടപെടലും നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. റെയ്ഡിന് എടുക്കുന്ന സമയം നിശ്ചയിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ മാത്രം അവകാശമാണ്. റെയ്ഡ് നടത്തുമ്പോള്‍ വീടായാലും സ്ഥാപനമായാലും മറ്റെന്തായാലും ആരെയും പുറത്തേക്ക് വിടുകയോ, അകത്തേക്ക് പ്രവേശിപ്പിക്കുകയോ ചെയ്യില്ല.
മാത്രമല്ല, ഇ.ഡി രാജ്യം മുഴുവന്‍ അന്വേഷണം നടത്താന്‍ അധികാരമുള്ള ഏജന്‍സിയാണ് ഇ.ഡി. പോലീസ് യഥാര്‍ത്ഥത്തില്‍ തടഞ്ഞത് റെയ്ഡിനെയല്ല. മാധ്യമ വാര്‍ത്തകളില്‍ റെയ്ഡ് തടഞ്ഞുവെന്ന് പറയാമെങ്കിലും റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
വീട്ടുകാരെ തടങ്കലിലാക്കി, മാനസികമായ ബുദ്ധിമുട്ടുണ്ടാക്കി എന്ന വീട്ടുകാരുടെ പരാതിയിലാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ വിശദവിവരങ്ങള്‍ അവരെ തടഞ്ഞുനിര്‍ത്തി ആരാഞ്ഞത്. ഇ.ഡിക്കെതിരായി നടപടി എടുക്കേണ്ടിവന്നാല്‍ അവരുടെ പേരു വിവരങ്ങളും മറ്റും മനസിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത്തരം നടപടികളൊക്കെ നിയമവിരുദ്ധമാണെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇ.ഡിയെ അറിയാം:
സാമ്പത്തിക നിയമ നിര്‍വ്വഹണം, സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണം എന്നിവയ്ക്കായി രൂപീകരിക്കപ്പെട്ട കേന്ദ്ര അന്വേഷണ ഏജന്‍സിയാണ് ഇ.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എല്‍.എ.), വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) എന്നീ രണ്ട് നിയമങ്ങളുടെ ലംഘനങ്ങളാണ് കേന്ദ്ര റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ഇ.ഡി അന്വേഷിക്കുന്നത്.
വിപുലമായ അധികാരങ്ങളാണ് ഈ ഏജന്‍സിക്ക് നല്‍കിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സെര്‍ച്ച് മെമ്മോയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് എവിടെയും പരിശോധന നടത്താന്‍ ഇ.ഡി.ക്ക് കഴിയും. ആകെ രണ്ടായിരത്തോളം ജീവനക്കാരില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ്, ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ്, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്വന്തം കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉല്‍പ്പെടുന്നു.
സി.ആര്‍.പി.സി അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സെര്‍ച്ച് മെമ്മോയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. സെര്‍ച്ച് മെമ്മോ വീട്ടുകാര്‍ ഒപ്പിട്ട് നല്‍കണം. അതിന് തയ്യാറാകാതെ എതിര്‍പ്പ് അറിയിച്ചാല്‍ ബലമായി പരിശോധന നടത്താനും ഇ.ഡിക്ക് സാധിക്കും. ഇതിനായി പോലീസ് അടക്കമുള്ള ഏത് അന്വേഷണ ഏജന്‍സിയും ആവശ്യപ്പെട്ടാല്‍ ഇ.ഡി.യുമായി സഹകരിക്കണം.
ഈ സാഹചര്യത്തില്‍ പി.എം.എല്‍. നിയമത്തിന്റെ സെക്ഷന്‍ 50 പ്രകാരം സ്വമേധയാ നല്‍കുന്ന സ്റ്റേറ്റ്മെന്റാണ് ഇ.ഡി. രേഖപ്പെടുത്തുന്നത്. പി.എം.എല്‍.എ. സെക്ഷന്‍ 17 പ്രകാരം സ്വത്ത് പിടിച്ചെടുക്കാനും പി.എം.എല്‍.എ. സെക്ഷന്‍ 19 പ്രകാരം അറസ്റ്റ് ചെയ്യാനുള്ള അധികാരവും ഇ.ഡിക്കുണ്ട്.
സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിട്ടുനല്‍കണമെന്ന് ആരെയും നിര്‍ബന്ധിക്കാന്‍ ഇ.ഡിക്ക് അധികാരമില്ല. ഒപ്പിട്ട് നല്‍കിയില്ലെങ്കില്‍ അക്കാര്യം രേഖപ്പെടുത്തി അതിന്റെ പകര്‍പ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം. പി.എം.എല്‍.എ.യുടെ സെക്ഷന്‍ 50 പ്രകാരം ഇ.ഡി.നോട്ടീസ് നല്‍കിയാല്‍ മൊഴി നല്‍കാനായി ആരും പറയുന്ന സ്ഥലത്ത് ഹാജരാകണം. ചെന്നില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാം.
പരാതി ലഭിച്ചാല്‍ പോലീസിന് ഇ.ഡി.ക്ക് നോട്ടീസ് നല്‍കാം. പക്ഷേ, ജോലിയുടെ ഭാഗമായ നടപടിയാണെന്നതിനാല്‍ത്തന്നെ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാനാകില്ല. പരിശോധന നടത്തുമ്പോള്‍ വീട്ടിലുള്ളവരുടെ അവകാശങ്ങളൊന്നും തടയില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *