Breaking News

സര്‍ക്കാര്‍ ആളെക്കൊന്ന് കാശുണ്ടാക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം വേണം: കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്‍, പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആളെക്കൊന്ന് കാശുണ്ടാക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്രത്തില്‍ നിന്ന് വലിയ തോതില്‍ ഫണ്ട് വരുന്നുണ്ട്. ഈ ഫണ്ട് ലഭിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവച്ച് കൊല്ലുന്നതെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
കേരളത്തില്‍ നക്‌സല്‍ ഭീഷണി നിലവിലില്ലെന്ന് അഭിപ്രായപ്പെട്ട കാനം വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്നും തുറന്നടിച്ചു. കേരളത്തെ സംബന്ധിച്ച് മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും പോലീസ് അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും കാനം ആരോപിച്ചു.
മരിച്ച വേല്‍മുരുഗന്റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ അതിന് തെളിവാണ്. പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു. കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്.
എന്നാല്‍ അവരെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടയ്ക്കിടെ ഇവരെ വെടിവെച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്.
ഏറ്റുമുട്ടല്‍ കൊലപാതക നടപടികളില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം. കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നാണ് കരുതുന്നത്- കാനം പറഞ്ഞു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും കാനം ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *