Breaking News

വികസനമുണ്ടായിട്ട് വേണ്ടേ അട്ടിമറിക്കാന്‍: മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

രമേശ് ചെന്നിത്തല

കോഴിക്കോട്: കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറി നടത്താന്‍ തക്കവണ്ണം എന്ത് വികസനമാണ് കേരളത്തില്‍ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇല്ലാത്ത പദ്ധതികളുടെ തറക്കല്ലിടുന്ന പരിപാടിയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ക്കുവേണ്ടി പരസ്യം ചെയ്ത് സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ച അദ്ദേഹം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന ഒരു വികസനവും പിണറായി സര്‍ക്കാര്‍ നടത്തുന്നില്ലെന്നും പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത് നിയമാനുസൃതമായ അന്വേഷണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കുപോലും ഈ അന്വേഷണത്തെ തള്ളിപറയാന്‍ സാധിക്കത്തത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ്.
മുഖ്യമന്ത്രി ഒരു വശത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികളെ അംഗീകരിക്കുകയും മറുഭാഗത്ത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡില്‍ സംസ്ഥാന ഏജന്‍സികള്‍ നടത്തിയ ഇടപെടലുകളെയും അദ്ദേഹം വിമര്‍ശിച്ചു. വാളയാറില്‍ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊന്ന കേസില്‍ ബാലവാകാശ കമ്മീഷന്‍ ഒരു താത്പര്യവും എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *