Breaking News

ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു; ശിവശങ്കറിനെതിരെ എന്തു തെളിവെന്നും കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കോടതി അഞ്ചു ദിവസത്തേക്കു കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അഞ്ചു ദിവസത്തെ ക്സ്റ്റഡിയാണ് അനുവദിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ശിവശങ്കറും കോടതിയിയല്‍ ഹാജരായി.
വിശദമായ ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തിന്റെ ആരോപണത്തിലെ ഗൗരവം പരിഗണിച്ചാണ് 5 ദിവസത്തെ കസ്റ്റഡി അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍, കസ്റ്റംസിനെ വിഷമത്തിലാക്കുന്ന ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ശിവശങ്കറിനെ കസ്റ്റംസിന് പേടിയുണ്ടോയെന്ന് ചോദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഇപ്പോള്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെളിവാണ് ലഭിച്ചതെന്നും കോടതി കസ്റ്റംസിനോട് ചോദിച്ചു. കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുന്നതിന് മതിയായ കാരണം ബോധ്യപ്പെടുത്താനും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കസ്റ്റഡി അപേക്ഷയില്‍ ശിവശങ്കറിന്റെ ഉന്നത പദവി രേഖപ്പെടുത്താതെ മാധവന്‍നായരുടെ മകന്‍ ശിവശങ്കര്‍ എന്നു മാത്രം രേഖപ്പെടുത്തിയതും കോടതി ചോദ്യം ചെയ്തു. പ്രതി ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ കുറ്റകൃത്യം ചെയ്തതായി കസ്റ്റംസ് ചൂണ്ടിക്കാണിച്ചു. ഇത് പരിഗണിച്ച് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതായാണ് കോടതി വ്യക്തമാക്കിയത്.
ശിവശങ്കറിനെ മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സ്വപ്‌നയുടെ മൊഴി പ്രകാരം ഇപ്പോള്‍ ചോദ്യം ചെയ്യണം എന്നു പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. അറസ്റ്റു ചെയ്ത് ഇത്രനാളായിട്ടും കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. 9 തവണ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്തു തെളിവാണ് ഇനി ലഭിക്കാനുള്ളതെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദമുന്നയിച്ചു.
ഈ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി കസ്റ്റംസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതികളില്‍ ചിലരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസ് അഭിഭാഷകരുടെ വാദം. ഇത് പരിഗണിച്ച് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതായാണ് കോടതി വ്യക്തമാക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *