
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പ്രതികരണവുമായി സ്വപ്‌ന. ശബ്ദം തന്റേത് തന്നെയെന്ന് സമ്മതിച്ച സ്വപ്‌ന സന്ദേശം റെക്കോര്‍ഡ് ചെയ്തത് എന്നാണെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് പ്രതി സ്വപ്‌ന സുരേഷിന്റെതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. ജയില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി സൗത്ത് സോണ്‍ എഐജി സ്വപ്‌നയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
എന്നാല്‍, അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ല ശബ്ദ സന്ദേശം റെക്കോര്‍ഡ് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്തതാണ് പുറത്തുവന്ന ശബ്ദ സന്ദേശമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സൈബര്‍ സെല്ലും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതുസംബന്ധിച്ച്് പരിശോധന നടത്തുന്നുണ്ട്. ശബ്ദ സന്ദേശത്തില്‍ പറയുന്ന തീയതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്വപ്‌നയുടെ മൊഴിയെടുത്തിട്ടില്ല. മറ്റേതെങ്കിലും ഏജന്‍സിയുടെ കേസിന്റെ കാര്യമാണോ സന്ദേശത്തിലുള്ളതെന്നും പരിശോധിക്കുന്നു.