Breaking News

ലാവലിന്‍ കേസ്: ഇടപെടാന്‍ മതിയായ തെളിവ് വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ ഇടപെടണമെങ്കില്‍ മതിയായ തെളിവുകള്‍ ഹാജരാക്കണമെന്ന് സി.ബി.ഐയോട് സുപ്രീംകോടതി. കേസില്‍ പിണറായി ഉള്‍പ്പെടെ മൂന്ന് പ്രതികളെ രണ്ട് കോടതികള്‍ വെറുതെവിട്ടതാണെന്നും ശക്തമായ തെളിവില്ലാതെ ലാവ്‌ലിന്‍ കേസില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. ഇതിനായി വിശദമായ കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കുറിപ്പ് ഹാജരാക്കാന്‍ സി.ബി.ഐയ്ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി 16 ലേക്ക് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം വിചാരണ കോടതി റദ്ദാക്കിയിരുന്നു. വിചാരണ കോടതി വിധി ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.
പിണറായി വിജയന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്. സി.ബി.ഐ വാദങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന് സാല്‍വെ വ്യക്തമാക്കി. ഹര്‍ജികളില്‍ അടിയന്തിരമായി തീരുമാനം വേണമെന്ന സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് അടുത്ത വെള്ളിയാഴ്ച തന്നെ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. വിശദമായി വാദം കേള്‍ക്കേണ്ടതിനാല്‍ വെള്ളിയാഴ്ച പരിഗണിക്കുന്ന അവസാനത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജി.പ്രകാശാണ് ഹാജരായത്. കസ്തുരി രംഗ അയ്യര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്ത്, ആര്‍.ശിവദാസന് വേണ്ടി മനീന്ദര്‍ സിങ്, കെ.ജി. രാജശേഖരന് വേണ്ടി രാകേന്ദ് ബസന്ത് എന്നിവരും, വി.എം.സുധീരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്തും അഭിഭാഷകന്‍ എം.ആര്‍.രമേശ് ബാബുവുമാണ് ഹാജരയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *