Breaking News

വിഷ്ണുപ്രസാദ് കൊലപാതകം : പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി

ചിറയിൻകീഴ് : കടയ്ക്കാവൂർ സ്വദേശി വിഷ്ണുപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജയനെയും കൂട്ടുപ്രതി ലാലിനെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. കഴിഞ്ഞ നവംബർ 22-ന് ചിറയിൻകീഴ്‌ ആനത്തലവട്ടം ചൂണ്ടക്കടവിലാണ് കൊലപാതകം നടന്നത്. ചൂണ്ടയിട്ട് പിടിച്ച മീനിന്റെ വില സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കേസിലെ പ്രധാന പ്രതികളായ കിഴുവിലം മുടപുരം എസ്.എൻ. ജങ്ഷൻ ചരുവിള വീട്ടിൽനിന്ന്‌ തിട്ടയിൽമുക്ക് തോപ്പിൽ പാലത്തിനു സമീപം ഇലഞ്ഞിക്കോടുവീട്ടിൽ താമസിക്കുന്ന ആട്ടോ ജയൻ എന്ന് വിളിക്കുന്ന ജയൻ (43), ഇയാളെ രക്ഷപ്പെടാൻ സഹായിച്ച പടനിലം വട്ടവിള വീട്ടിൽ ലാൽ (51) എന്നിവരെ കഴിഞ്ഞദിവസം തമിഴ്നാട്ടിലെ ദിണ്ടുക്കലിൽവെച്ച് പോലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിനുശേഷം ജയൻ ആറ്റിങ്ങൽ മുള്ളിയൻ കാവിലുള്ള കൃഷിത്തോട്ടത്തിൽ രണ്ട് ദിവസം ഒളിവിൽ താമസിക്കുകയും അവിടെനിന്ന്‌ ലാലിന്റെ സഹായത്തോടെ തമിഴ്നാട്ടിലേക്ക് കടക്കുകയുമായിരുന്നു. മൊബൈൽഫോൺ ഉപയോഗിക്കാതെയും നാട്ടിലുള്ളവരെ ബന്ധപ്പെടാതെയും ഒളിത്താവളങ്ങൾ മാറിയും നിന്ന പ്രതിയെ ഒരു മാസത്തെ തിരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, മോഷണം, പിടിച്ചുപറിയടക്കം അൻപതോളം കേസുകളിൽ പ്രതിയാണ് ജയൻ. ആറ്റിങ്ങൽ ഡിവൈ.എസ്.പി. മഞ്ജുലാൽ, ചിറയിൻകീഴ്‌ പോലീസ് ഇൻസ്പെക്ടർ വി.എസ്.വിനീഷ്, എസ്.സി.പി.ഒ. വിഷ്ണു, ഡാൻസാഫ് സബ് ഇൻസ്പെക്ടർ ബി.ദിലീപ്, സി.പി.ഒ. സുനിൽരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഞായറാഴ്ച പിടിയിലായ പ്രതികളെ തിങ്കളാഴ്ച ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് തെളിവെടുപ്പ് നടത്തുകയും അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *