Breaking News

ലൈഫ് മിഷന്‍: സി.ബി.ഐക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
റെഡ്ക്രസന്റും യൂണിടാകും തമ്മിലുണ്ടാക്കിയിട്ടുള്ള ഫ്‌ളാറ്റ് നിര്‍മ്മാണ കരാറില്‍ സര്‍ക്കാരിന് പങ്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സി.ബി.ഐയുടെ എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. മന്ത്രിസഭായോഗത്തിലെ തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് എതിരെ നിയമനടപടി സ്വീകരിക്കുന്നത്.
സി.ബി.ഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി നാളെത്തന്നെ പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എഫ്.സി.ആര്‍.എ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാരും എല്‍.ഡി.എഫും ഉറച്ചുവിശ്വസിക്കുന്നു.
സി.ബി.ഐ അന്വേഷണം ഉന്നതരിലേക്കും അതുവഴി മുഖ്യമന്ത്രിയിലേക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയിലേക്കും നീണ്ടാല്‍ അത് സര്‍ക്കാരിനും എല്‍.ഡി.എഫിനും രാഷ്ട്രീയമായി ദോഷംചെയ്യുമെന്ന് എല്‍.ഡി.എഫ് നേതൃത്വം കരുതുന്നു. പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായതിനാല്‍ ഇത്തരമൊരു സാഹചര്യം എല്‍.ഡി.എഫ് മുന്നില്‍ക്കാണുന്നുണ്ട്. അനില്‍ അക്കര സി.ബി.ഐയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതും മുഖ്യമന്ത്രിയെയും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയെയും ചോദ്യംചെയ്യണമെന്നാണ്.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചട്ടങ്ങള്‍ മറികടന്ന് വിദേശ സഹായം കൈപ്പറ്റുന്നത് 5 വര്‍ഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ സിബിഐയ്ക്ക് അന്വേഷിക്കാന്‍ കഴിയുന്ന കുറ്റകൃത്യമാണ് എഫ്സിആര്‍ഐ ചട്ടലംഘനമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ലൈഫ് മിഷന്‍ സിഇഒയെ ചോദ്യം ചെയ്യലിന് അടുത്തമാസം 5നു ഹാജരാകാന്‍ സിബിഐ നോട്ടിസ് നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *