
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിന്റെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് സ്വകാര്യവല്‍ക്കരണം. 2014-മുതല്‍ നിലവാരമില്ലാത്ത പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതിലൂടെ 960 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് സൈന്യം വെളിപ്പെടുത്തുന്നു. ഒ.എഫ്.ബിയെ കോര്‍പ്പറേറ്റ് വത്കരിക്കുകയും അതിന്റെ ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ സായുധസേന പ്രതിരോധമന്ത്രാലയത്തിന് സമര്‍പ്പിച്ച ശുപാര്‍ശ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍ ഉള്ളത്.
ഇന്ത്യന്‍ സായുധസേന ഉപയോഗിക്കുന്ന വെടിമരുന്നിന്റെ സിംഹഭാഗവും ഒ.എഫ്.ബിയാണ് നിര്‍മിക്കുന്നത്. ഒ.എഫ്.ബിയുടെ ഉത്പന്നങ്ങളുടെ മോശം ഗുണനിലവാരം മൂലം 2014-2020 കാലയളവില്‍ 403 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതിലൂടെ 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 159 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇവരുടെ ഉത്പന്നങ്ങള്‍ വാങ്ങി 960 കോടിയുടെ നഷ്ടമുണ്ടാക്കിയതിന് പകരമായി 100-155 എംഎം ഇടത്തരം പീരങ്കി തോക്കുകള്‍ വാങ്ങാമായിരുന്നുവെന്നുവെന്നും കരസേന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒ.എഫ്.ബിയുടെ ഉത്തരവാദിത്തക്കുറവും ഉത്പന്നത്തിന്റെ ഗുണനിലവാരമില്ലായ്മയും കാരണം പതിവായി അപകടങ്ങളുണ്ടാകുന്നു. ആഴ്ചയില്‍ ശരാശരി ഒരു അപകടമെങ്കിലുമുണ്ടാകുന്നു. ഇവര്‍ നിര്‍മിച്ച വെടിമരുന്നുകളും പ്രതിരോധ ഉപകരണങ്ങളും സ്വീകരിക്കാന്‍ ചില രാജ്യങ്ങള്‍ വിസമ്മതിച്ചത് ആശങ്കാജനകമാണെന്നും സൈന്യം പറയുന്നു. 41 ഓര്‍ഡനന്‍സ് ഫാക്ടറികളും 13 ഡെവലപ്പ്മെന്റ് സെന്ററുകളും ബോര്‍ഡിന് കീഴിലുള്ള ഒമ്പത് പഠന കേന്ദ്രങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി.
സ്വകാര്യവല്‍കരണത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള ഒരു ഒരും എംപവര്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഒറ്റ കമ്പനിയാക്കണോ അതോ ഒന്നിലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കണോ എന്ന കാര്യത്തില്‍ ഈ കമ്മിറ്റി തീരുമാനമെടുക്കും. ഒപ്പം തൊഴിലാളികളുടെ ശമ്പളം മറ്റു ആനുകൂല്യങ്ങള്‍, തൊഴില്‍ സുരക്ഷിതത്വം എന്നിവ സംബന്ധിച്ചും തീരുമാനമുണ്ടാകും. എന്നാല്‍ ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും ഈ തീരുമാനത്തോട് വിയോജിപ്പാണുള്ളത്. വിവിധ തൊഴിലാളി യൂണിയനുകള്‍ ഒക്ടോബര്‍ 12-ന് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.