
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവ്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും പറഞ്ഞ കോടതി പള്ളി പൊളിച്ചതിന് തെളിവായി നല്കിയ ദൃശ്യങ്ങളും തള്ളി. കേസില്‍ ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് വിധി പറഞ്ഞത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ് പ്രതികരിച്ചു.
വിധി പറയുന്നതുമായി ബന്ധപ്പെട്ട് കോടതിപരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരായിരുന്നു പ്രതികള്‍. വിനയ് കട്യാര്‍, സാക്ഷി മഹാരാജ് എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിസ്തരിച്ചത്.
രാജസ്ഥാനിലെ ഗവര്‍ണര്‍ പദവിയിലിരുന്നതിനാല്‍ ആ കാലയളവില്‍ കല്യാണ്‍ സിങ്ങിന് വിചാരണയില്‍ ഇളവ് ലഭിച്ചിരുന്നെങ്കിലും സ്ഥാനമൊഴിഞ്ഞതോടെ വിചാരണ നേരിടേണ്ടിവന്നു.
രണ്ടു മത വിഭാഗങ്ങള്‍ക്കിടയില്‍ വിരോധം വളര്‍ത്തല്‍, ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്.
എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി 2017 ഏപ്രില്‍ 19-ന് പുനഃസ്ഥാപിക്കുകയായിരുന്നു.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 48 പേരില്‍ 32 പേരാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. ശിവസേന നേതാവ് ബാല്‍ താക്കറെ, മഹന്ത് അവൈദ്യനാഥ്, വി.എച്ച്.പി നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഗാള്‍, പരമഹംസ റാം ചന്ദ്രദാസ്, മോറേശ്വര്‍ സാവെ തുടങ്ങിയ പ്രമുഖ നേതാക്കള്‍ വിചാരണയ്ക്കിടെ അന്തരിച്ചു.
ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മ ഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപട് റായ്, മുന്‍ എംപി വിനയ് കട്യാര്‍, മുന്‍ മധ്യപ്രദേശ് മന്ത്രിയും ബജ്റങ് ദള്‍ നേതാവുമായിരുന്ന ജയ്ഭാന്‍ സിങ് പവയ്യ തുടങ്ങിയവരായിരുന്നു കേസിലെ മറ്റു പ്രധാന പ്രതികള്‍. 32 പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരായത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങായിരുന്നു സിബിഐ അഭിഭാഷകന്. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചു.
കേസില്‍ എല്‍.കെ.അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ കുറ്റം നിഷേധിച്ചിരുന്നു. അന്ന് ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ തങ്ങളെ പ്രതിയാക്കിയെന്നാണ് ഇവര്‍ വാദിച്ചത്. അയോധ്യയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അയോധ്യയില്‍ രാമജന്മ ഭൂമി പരിസരത്തും കൂടുതല്‍ പൊലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചിരിക്കുകയാണ്. 2 വര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രില്‍ 19ന് ഉത്തരവിട്ടിരുന്നു. പിന്നീട് ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയും തുടര്‍ന്ന് ഇന്നുവരെയും സമയം നീട്ടിക്കൊടുത്തിരുന്നു.
ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടു കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റുകയായിരുന്നു.