
പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുവരെ 30% വോട്ടുകള്‍ മാത്രമാണ് എണ്ണിയെതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇരുമുന്നണികളും കടുത്ത ആശങ്കയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്‍.ഡി.എ സഖ്യത്തിനാണ് മുന്‍തൂക്കം. നിലവില്‍ 125 സീറ്റുകളില്‍ എന്‍.ഡി.എ സഖ്യം ലീഡ് ചെയ്യുകയാണ്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയുമാണ് ഇപ്പോള്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ ബി.ജെ.പി-എന്‍.ഡി.എ ക്യാമ്പുകളില്‍ വലിയ ആഹ്ലാദമൊന്നും ഉയര്‍ത്തുന്നില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുമുന്നണികളും കടുത്ത ആശങ്കയിലാണ്. ഇനി എണ്ണാന്‍ ബാക്കിയുള്ള 70% വോട്ടുകളുടെ കാര്യത്തില്‍ സംഭവിക്കാവുന്ന മാറ്റങ്ങളാണ് അതിന് കാരണം. ഇപ്പോഴത്തെ നില അവസാനം വരെ തുടരുമോ എന്ന് ആശങ്കപ്പെടുന്ന മഹാസഖ്യ ക്യാമ്പ് ഇനി എണ്ണാനുള്ള ഗ്രാമീണ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. നേരിയ ലീഡിനാണ് എന്‍.ഡി.എ മുന്നേറുന്നത് എന്നതും മഹാസഖ്യ ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
എന്നാല്‍, ഗ്രാമീണ വോട്ടുകള്‍ തങ്ങള്ക്കനുകൂലമാകുമോ പ്രതികൂലമാകുമോ എന്നതാണ് എന്‍.ഡി.എ ക്യാമ്പില്‍ ആശങ്കയുണര്‍ത്തുന്നത്. ഗ്രാമീണ മേഖലയില്‍ ആര്.ജെ.ഡിക്ക് പരമ്പരാഗത വോട്ടുബാങ്ക് ഉണ്ടെന്നത് എന്‍.ഡി.എയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 25-ഓളം മണ്ഡലങ്ങളില്‍ എന്‍.ഡി.എയുടെ ലീഡ് 1000-ല്‍ താഴെയാണ്. 500-ല്‍ താഴെ വോട്ടിന് ലീഡ് ചെയ്യുന്ന മണ്ഡലങ്ങളും ഏതാണ്ട് അത്രയുംതന്നെയുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂര്ണ്ണചിത്രമറിയാന് രാത്രി വൈകുമെന്നാണ് ഇലക്ഷന് കമ്മീഷന് നല്കുന്ന സൂചന.