
ബെംഗളൂരു: പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ പ്രതിശ്രുത വരനും വധുവും മുങ്ങി മരിച്ചു. മൈസൂരു ക്യാത്മനഹള്ളി സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. കുട്ടവള്ളത്തില്‍ കയറി പുഴയിലിറങ്ങി ഫോട്ടോയെടുക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പെട്ടത്.
വള്ളത്തിന്റെ നിലതെറ്റി ശശികല വെള്ളത്തില്‍ വീണു. ശശികലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചന്ദ്രുവും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. മൈസൂരുവിലെ ടി. നരസിപൂരിനടുത്ത് തലക്കാട്ട് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്.
മൈസൂരുവില്‍നിന്നും ഫോട്ടോ ഷൂട്ടിനായി ഫോട്ടോഗ്രാഫര്‍ക്കും ഏതാനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശശികലയും ചന്ദ്രുവും തലക്കാട്ടെത്തിയത്. ഈ മാസം 22-ന് ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ക്ക് ഇവരെ രക്ഷപ്പെടുത്താനായില്ല. നാട്ടുകാരും പോലീസും ഫയര്‍ ബ്രിഗേഡുമാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകീട്ട് ആറരയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തത്. തലക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.