Breaking News

തടങ്കലിലെന്ന് ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബം: അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനങ്ങളില്‍നിന്ന്‌

ലക്‌നൗ: ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ജില്ലാ ഭരണകൂടത്തിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജില്ലാ ഭരണകൂടത്തിന്റെ തടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ കുടുംബം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. വീട്ടില്‍നിന്നിറങ്ങാനോ, ആരെയും കാണാനോ ജില്ലാ ഭരണകൂടം അനുവദിക്കുന്നില്ലെന്നും കുടുംബത്തിനു വേണ്ടി ഒരു ദലിത് സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികള്‍ ഉള്‍പ്പെടുന്ന സവര്‍ണ സമുദായാംഗങ്ങളില്‍നിന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി നേരിടുന്നുണ്ട്. ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഒറ്റപ്പെടുത്താനും നീക്കം സജീവമായിരുന്നു. ബിജെപി മുന്‍ എംഎല്‍എ രാജ്വീര്‍ പെഹല്‍വാന്റെ നേതൃത്വത്തില്‍, പ്രതികള്‍ക്കു വേണ്ടി പ്രത്യേക യോഗം നടന്നിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം, പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന പ്രസ്താവന പെണ്‍കുട്ടിയുടെ പിതാവ് നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് കുടുംബാംഗങ്ങള്‍ നിഷേധിച്ചു. അന്വേഷണത്തില്‍ സംതൃപ്തരല്ലെന്നും ഈ ഗ്രാമത്തില്‍ ഞങ്ങള്‍ സുരക്ഷിതരല്ലെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ കുടുംബം തീരുമാനിച്ചത്. ഹത്രാസ് സംഭവം ഭയാനകവും ഞെട്ടിപ്പിക്കുന്നതുമാണെന്നായിരുന്നു സുപ്രീംകോടതി ഈ വിഷയത്തില്‍ നേരത്തെ പ്രതികരിച്ചത്.
സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയില്‍ പീഡനത്തെ കുറിച്ച് സൂചനയുണ്ടായിരുന്നില്ലെന്ന് യുപി പൊലീസ് അവകാശപ്പെട്ടിരുന്നെങ്കിലും വിവാദമായപ്പോള്‍ തിരുത്തി. ചില മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പ്രചാരണങ്ങളും ജാതി ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളും സിബിഐ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *