Breaking News

ലഹരിമരുന്ന് കേസ് പ്രതി അനൂപിനെ നിയന്ത്രിച്ചത് ബിനീഷെന്ന് ഇ.ഡി

അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരി

ബെംഗളുരു: ലഹരിമരുന്ന് കേസില്‍ അറസ്‌ററ്റിലായ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍. അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്ന ബിനീഷിന്റെ വാദം വിശ്വസനീയമല്ലെന്നും ഇ.ഡി ബിനീഷിന്റെ കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി. കോടതിയെ ബോധ്യപ്പെടുത്തി.
അനൂപും ബിനീഷും വളരെ അടുത്ത ബന്ധമാണുള്ളതെന്ന് പറഞ്ഞ ഇ.ഡി അതിന് തെളിവായി ഇവര്‍ തമ്മിലുള്ള ഫോണ്‍ കോളുകള്‍ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പും അനൂപ് ബിനീഷുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ബിനീഷിന്റെ സ്വാധീനവലയത്തില്‍ ഉള്ളവരില്‍നിന്നാണ് അനൂപിന് പണം ലഭ്യമായിരിക്കുന്നതെന്നും ഇ.ഡി പറയുന്നു.
അനൂപിനെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ അടുത്ത നീക്കം. അതിനുള്ള തയാറെടുപ്പിലാണ് ഇ.ഡി. അറസ്റ്റിന് ശേഷം വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ പാര്‍പ്പിച്ചിരുന്ന ബിനീഷിനെ ഇന്ന് രാവിലെ ഇ.ഡി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്.
ബിനീഷിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടി വരുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് ബംഗളുരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.
സിനിമാരംഗത്തേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്. മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ടവരുടെ നിശാപാര്‍ട്ടികളിലെ ലഹരിമരുന്ന് ഉപയോഗം നേരത്തെതന്നെ കേസായിട്ടുണ്ട്. ഈ കേസുകള്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ വീണ്ടും പരിശോധിക്കുമെന്നാണ് അറിയുന്നത്.
നാല് ദിവസത്തേക്കാണ് കോടതി ബിനീഷിനെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *