
കൊച്ചി: യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയിലൂടെ വിവാദമായ ഐ ഫോണുകളിലൊന്ന് ശിവശങ്കറിന്റെ കയ്യില്‍. ശിവശങ്കര്‍ ഉപയോഗിക്കുന്ന ഫോണുകളുടെ വിവരങ്ങള്‍ എന്‍ഫോവ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എഴുതിനല്‍കിയതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
ഇതോടെ ലൈഫ് പദ്ധതിയിലും ശിവശങ്കറിന്റെ പങ്ക് വ്യക്തമായിരിക്കുകയാണ്. ലൈഫുമായി ബന്ധപ്പെട്ട അന്വേഷണത്തിലും ശിവശങ്കര്‍ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യവും ഉറപ്പായി. യൂണിടാക് സ്വപ്‌ന വഴി കൈമാറിയ ഫോണുകള്‍ ആര്‍ക്കൊക്കെ ലഭിച്ചുവെന്ന അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണക്കരാറുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ നിര്‍ദേശ പ്രകാരം 5 ഐ ഫോണുകള്‍ വാങ്ങി അതിലൊന്ന് പ്രതിപക്ഷ നേതാവിന് നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴി വിവാദമായിരുന്നു. എന്നാല്‍ പിന്നീട് രമേശ് ചെന്നിത്തലയ്ക്ക് എന്നുപറഞ്ഞാണ് സ്വപ്ന ഐ ഫോണ്‍ വാങ്ങിയതെന്നാണ് അദ്ദേഹം മൊഴി നല്‍കിയതെന്ന വിവരം പുറത്തുവന്നു.
താന്‍ ഉപയോഗിക്കുന്ന രണ്ട് ഫോണുകളുടെയും വിവരങ്ങള്‍ ശിവശങ്കര്‍ ഇ.ഡിക്ക് കൈമാറി. അതില്‍ ഒരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ യൂണിടാക് കോടതിയില്‍ ഹാജരാക്കിയ ഫോണുകളുടെ വിവരത്തിലുണ്ട്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഫോണാണ് ഇത്.