Breaking News

ലഹരിമരുന്ന് കേസും എന്‍.ഐ.എ അന്വേഷിക്കാന്‍ സാധ്യത

എന്‍.ഐ.എ ഓഫീസ്, ഡല്‍ഹി (ഫയല്‍ ചിത്രം)

ബെംഗളൂരു: ബംഗളുരു കേന്ദ്രമാക്കി അന്വേഷണം നടക്കുന്ന ലഹരിമരുന്ന് കേസും എന്‍.ഐ.എ അന്വേഷിക്കാന്‍ സാധ്യത. ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധവും പണമിടപാടുകളുമാണ് ലഹരിമരുന്ന് കേസും എന്‍.ഐ.എ അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നത്.
നിലവില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെയും(എന്‍.സി.ബി.) ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെയും നേതൃത്വത്തിലാണ് ലഹരിമരുന്ന് കേസിന്റെ അന്വേഷണം നടക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ കെ.ടി.റമീസിന് ലഹരിമരുന്ന് കേസില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന് ബന്ധമുണ്ട്. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണം റമീസും റമീസ് വഴി മറ്റ് പ്രതികളും ലഹരിമരുന്ന് ബിസിനസ്സില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്നും എന്‍.സി.ബി അന്വേഷിക്കുന്നുണ്ട്.
കൂടാതെ, ലഹരിമരുന്ന് സംഘങ്ങള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കര്‍ണ്ണാടക ആഭ്യന്തര സുരക്ഷാ വിഭാഗം ഇതിന്റെ അന്വേഷണത്തിലാണ്. ലഹരിമരുന്ന് കേസില്‍ സ്വര്‍ണാഭരണരംഗത്ത് പ്രവര്‍ത്തിക്കുന്ന വൈഭവ് ജെയിന്‍, ആദിത്യ അഗര്‍വാള്‍ എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ സ്വര്‍ണ ഇടപാടിലൂടെ സ്വരൂപിച്ച കള്ളപ്പണം ലഹരിപ്പാര്‍ട്ടികളുടെ മറവില്‍ വെളുപ്പിച്ചെന്നാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. ലഹരിമരുന്ന് സംഘങ്ങളുടെ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരസുരക്ഷാവിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എന്‍.ഐ.എ. അന്വേഷണകാര്യത്തില്‍ തീരുമാനം.
ലഹരിമരുന്ന് കേസിലെ പ്രതികളുടെ അന്തര്‍ സംസ്ഥാന-വിദേശ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ഹവാല ഇടപാടിലൂടെയാണ് വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിക്കുന്നത്. ഇതില്‍ സ്വര്‍ണക്കടത്ത് സംഘത്തിനുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *