Breaking News

റോഡ് നന്നാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും നട്ടെല്ല് തകര്‍ന്ന രോഗിയോട് കരുണ കാട്ടാതെ പഞ്ചായത്ത് അധികൃതര്‍

വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനില്‍കുമാര്‍

നാവായിക്കുളം: റോഡ് നന്നാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും നട്ടെല്ല് തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രോഗിയോട് പഞ്ചായത്ത് അധികൃതര്‍ കരുണ കാട്ടുന്നില്ല. ഒരു വര്‍ഷം മുമ്പ് അഡ്വ.വി.ജോയ് എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് അന്നത്തെ ജില്ലാ കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റോഡ് നന്നാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.
ചിറ്റായിക്കോട്, ഉദയഗിരി അംഗന്‍വാടിക്ക് താഴെ അനില്‍ ഭവനില്‍ അനില്‍കുമാറാണ് റോഡ് നന്നാക്കാന്‍ നാവായിക്കുളം പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. നട്ടെല്ല് തകര്‍ന്ന് അരയ്ക്ക് കീഴ്‌പ്പോട്ട് പൂര്‍ണ്ണമായും തളര്‍ന്ന അവസ്ഥയിലുള്ള അനില്‍കുമാര്‍ ഇപ്പോള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 2013-ല്‍ മസ്‌കറ്റില്‍ വച്ചാണ് അപകടത്തില്‍ അനില്‍കുമാറിന്റെ നട്ടെല്ല് തകര്‍ന്നത്. അവിടെത്തന്നെ ഓപ്പറേഷന്‍ നടത്തി 10 ദിവസത്തെ ചികിത്സയ്ക്കുശേഷം അദ്ദേഹത്തെ നാട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്ന് മാസം ചികിത്സയിലായിരുന്നു.
ഇപ്പോള്‍ ചിറ്റായിക്കോടുള്ള തന്റെ ഷീറ്റ് അടിച്ച ഒറ്റമുറി വീട്ടില്‍ ആരുടെയും തുണയില്ലാതെ ഒറ്റയ്ക്കാണ് അനില്‍കുമാര്‍ ജീവിക്കുന്നത്. സ്വയം വീല്‍ചെയര്‍ ഉരുട്ടിയാണ് പ്രാഥമികകൃത്യങ്ങള്‍ക്കുപോലും പോകുന്നത്. ഒരേ കിടപ്പ് കിടക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന വ്രണത്തിന്റെ ചികിത്സയ്ക്കുവേണ്ടി അനില്‍കുമാറിന് കൂടെക്കൂടെ ആശുപത്രിയില്‍ പോകേണ്ടിവരുന്നുണ്ട്. അങ്ങനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ഇപ്പോഴും അനില്‍കുമാര്‍ ചികിത്സയിലാണ്.
ആശുപത്രിയില്‍ പോകേണ്ട ദിവസം വീടിന് അടുത്തുകൂടി പോകുന്ന ആരെയെങ്കിലും വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചാണ് അനില്‍കുമാര്‍ ആശുപത്രിയില്‍ എത്തുന്നത്. വീട്ടില്‍ നിന്ന് ഏകദേശം 200-300 മീറ്റര്‍ ദൂരം ചുമന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ വണ്ടിയില്‍ കയറ്റുന്നത്. നിലവില്‍ ഉദയഗിരി അംഗന്‍വാടി മുതല്‍ അനില്‍കുമാറിന്റെ വീടുവരെയുള്ള റോഡ് വാഹന ഗതാഗത യോഗ്യമല്ല. റോഡ് നന്നാക്കിയാല്‍ അനില്‍കുമാറിനെ നാട്ടുകാര്‍ ചുമന്നുകൊണ്ട് പോകേണ്ട അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും. റോഡ് നന്നാക്കുന്നത് തനിക്ക് മാത്രമല്ല അന്‍പതില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും അനില്‍കുമാര്‍ പറയുന്നു.
തന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തി റോഡ് നന്നാക്കാന്‍ അപേക്ഷ നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പക്ഷേ, ഈ ഹതഭാഗ്യനായ യുവാവിനോട് പഞ്ചായത്ത് ഇതുവരെ കരുണ കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ള അധികാരികളോട് അദ്ദേഹം മാറിമാറി അപേക്ഷിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞത് നിറഞ്ഞ കണ്ണുകളോടെയാണ്. 2019 നവംബറില്‍ വര്‍ക്കല താലൂക്ക് ഓഫീസില്‍ ജില്ലാ കളക്ടര്‍ അദാലത്തിന് വന്നപ്പോള്‍ കളക്ടറെയും അനില്‍കുമാര്‍ തന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തി.
അനില്‍കുമാറിന്റെ അവസ്ഥ ബോധ്യപ്പെട്ട് കളക്ടര്‍ അവിടെവച്ചുതന്നെ പഞ്ചായത്ത് സെക്രട്ടറിയോട് റോഡ് നന്നാക്കിക്കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് ദിവസം കഴിഞ്ഞ് പഞ്ചായത്ത് അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് അംഗന്‍വാടിയുടെ പരിസരം മാത്രം റോഡ് നിരപ്പാക്കിയെങ്കിലും അനില്‍കുമാറിന്റെ വീട്ടിലേക്കുള്ള വഴി അവഗണിക്കുകയാണ് ഉണ്ടായത്. അരയ്ക്ക് കീഴ്‌പ്പോട്ട് പൂര്‍ണ്ണമായും തളര്‍ന്ന ഈ ചെറുപ്പക്കാരന്‍ അഭ്യര്‍ത്ഥിക്കുന്നത് ആരെയും ബുദ്ധിമുട്ടിക്കാതെ ആശുപത്രിയില്‍ വന്നുപോകാനുള്ള സൗകര്യത്തിനായി റോഡ് നന്നാക്കിത്തരാനുള്ള കനിവുണ്ടാകണമെന്ന് മാത്രമാണ്.

അനില്‍കുമാറിന്റെ വീട്ടിലേക്കുള്ള റോഡിന്റെ നിലവിലെ അവസ്ഥ

Related posts

Leave a Reply

Your email address will not be published. Required fields are marked *