
ടൊറന്റോ: അലാസ്‌കന്‍ നഗരമായ ഉത്കിയാഗ്വിഗില്‍ ഇനി 66 ദിവസം കഴിഞ്ഞേ സൂര്യനുദിക്കൂ! ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലെ ‘ധ്രുവരാത്രി’ എന്ന പ്രതിഭാസമാണ് ഇതിന് കാരണം. വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്താണ് ഈ നഗരം. സൂര്യനുദിക്കാത്ത മാസങ്ങളെയാണ് ‘ധ്രുവരാത്രി’ അഥവാ ‘പോളാര്‍ നൈറ്റ്’ എന്ന് വിളിക്കുന്നത്.
24 മണിക്കൂറും സൂര്യന്‍ ചക്രവാളത്തിന് താഴെയായിരിക്കുന്നത് കൊണ്ടാണ് ‘ധ്രുവരാത്രി’ എന്ന പ്രതിഭാസം സംഭവിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഈ നഗരത്തില്‍ സൂര്യനുദിച്ചത്. നവംബര്‍ അവസാനത്തോടെ ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്ത മനുഷ്യവാസമുള്ള ഈ നഗരത്തില്‍ കടുത്ത ശൈത്യമാവും. ആ സമയത്ത് സൂര്യന്‍ പിന്നീട് ഉദിക്കുന്നത് അടുത്ത ജനുവരി അവസാനത്തോടെയായിരിക്കും.
2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യന്‍ ഉദിക്കൂവെന്ന് യു.എസ് കാലവാസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് അലാസ്‌ക ഫെയര്‍ബാങ്ക്സ് സീ ഐസ് ഗ്രൂപ്പ് ഈ പ്രകൃതി വിസ്മയം വെബ്ക്യാമില്‍ പിടിച്ചെടുത്തിട്ടുണ്ട്. കാക്‌റ്റോവിക്, പോയിന്റ് ഹോപ്, അനക്റ്റുവക് പാസ് എന്നിവയാണ് അലാസ്‌കയിലെ സൂര്യനുദിക്കാത്ത മറ്റു ഗ്രാമങ്ങള്‍.
വേനല്‍ക്കാലത്ത് ഉത്കിയാഗ്വിഗില്‍ ‘ധ്രുവരാത്രി’ക്ക് നേരെ വിപരീതമായ പ്രതിഭാസവുമുണ്ട്. ആ സമയത്ത് ഇവിടെ സൂര്യന്‍ അസ്തമിക്കുകയില്ല! മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ സദാസമയവും സൂര്യപ്രകാശം ലഭിക്കുന്നത്. ഈ കാലയളവില്‍ ഇവിടെ രാത്രിയില്ല, പകല്‍ മാത്രമേയുള്ളൂ.