
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും സിപിഐ(എം). മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവെയ്ലബില്‍ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് വിലയിരുത്തല്‍. കേസില്‍ ഇടപെടില്ലെന്നും ബിനീഷിന്റെ കുടുംബം നിയമനടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ട്ടി അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായി അന്വേഷണ ഏജന്‍സികളെ ഉപയെഗ്ക്കുന്നുവെന്ന വസ്തുത ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്ന പ്രചാരണങ്ങള്‍ നടത്താനും സിപിഐ(എം) അവൈലബിള്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് തുടരവെ പ്രതിരോധത്തിനുള്ള വഴി തിരയുകയാണ് സിപിഐ(എം) നേതൃത്വം. എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയതും ഇതിന്റെ ഭാഗമായിട്ടാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്, സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒരു വശത്ത് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയുടെ മകന് അറസ്റ്റിലായത് പാര്‍ട്ടിക്ക് തലവേദനയായി മാറുമ്പോള്‍ മറുവശത്ത് എം.ശിവശങ്കറിലൂടെ അന്വേഷണ സംഘം സര്‍ക്കാരിലേക്ക് നേരിട്ട് കടന്നുവരുന്നുവെന്നതാണ് സിപിഐ(എം)നെയും സര്‍ക്കാരിനെയും വിഷമവൃത്തത്തിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ വിജിലന്‍സ് തന്നെ ശിവശങ്കരനെ പ്രതി ചേര്‍ത്തതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തിന്റെ മുനയൊടിയുന്നുണ്ട്.
ശിവശങ്കറിനെ കൂടാതെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ത്വരിതമാക്കുന്നതിനിടെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അടിയന്തര യോഗത്തില്‍ ചര്‍ച്ച ചെയ്യാനുള്ളത് നിലവിലെ സാഹചര്യത്തെ രാഷ്ട്രീയമായി എങ്ങനെ പ്രതിരോധിക്കാം എന്നതല്ലാതെ മറ്റൊന്നാവില്ലെന്നത് ഉറപ്പായിരുന്നു.
എല്ലാ കുറ്റങ്ങളും ശിവശങ്കറില്‍ ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണത്തില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള തന്ത്രത്തിന് തിരിച്ചടിയാണ് സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡിയുടെ നീക്കം. മറ്റു പാര്‍ട്ടി നേതാക്കളും എ.കെ.ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബിനീഷിനെതിരായ അന്വേഷണത്തില്‍ പാര്‍ട്ടി സെക്രട്ടറിയായ അച്ഛനെയും പാര്‍ട്ടിയെയും പ്രതിരോധിക്കാന്‍ നന്നേ ബുദ്ധിമുട്ടുകയാണ് സിപിഐ(എം) നേതാക്കള്‍. അതിനൊപ്പം പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാരിനെയും കൂടി പ്രതിരോധിക്കേണ്ട പരിതാപകരമായ അവസ്ഥയിലാണ് സിപിഐ(എം) നേതൃത്വം.