
ബെംഗളൂരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെയെന്ന് ബിനീഷ് കോടിയേരി. തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി നടത്തിയ പരിശോധനയെയും തുടര്‍ന്നു നടന്ന നാടകീയ സംഭവങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനീഷ്.
ബിനീഷിന്റെ വീട്ടില്‍ ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് 26 മണിക്കൂറിന് ശേഷം വ്യാഴാഴ്ച 11 മണിയോടെയാണ് ഇ.ഡി അവസാനിപ്പിച്ചത്. ഈ സമയമത്രയും ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യമാതാവും വീടിനകത്തായിരുന്നു. ഭാര്യയെയും കുട്ടിയെയും തടവില്‍ പാര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
ബെംഗളൂരുവില്‍ ഇഡി കസ്റ്റഡിയിലുള്ള ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വീട്ടില്‍ നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് ബിനീഷ് മറുപടി നല്‍കിയില്ല.