
മുംബൈ: റിപ്പബ്ലിക് ടി.വിക്കെതിരെ താനെയിലെ കേബിള്‍ ഓപ്പറേറ്റര്‍ മുംബൈ ക്രൈംബ്രാഞ്ച് കോടതിയില്‍. ടി.ആര്‍.പി റേറ്റിങ്ങ്.കൂട്ടുന്നതിന് വീടുകളില്‍ വിതരണം ചെയ്യാന്‍ റിബ്ലിക് ടി.വി. പ്രതിമാസം 15 ലക്ഷം രൂപ വീതം നല്‍കിയിരുന്നതായി താനെയിലെ ക്രിസ്റ്റല്‍ ബ്രോഡ്കാസ്റ്റിന്റെ ഉടമസ്ഥനായ കേബിള്‍ ഓപ്പറേറ്റര്‍ ആശിഷ് ചൗധരി കുറ്റസമ്മതം നടത്തിയെന്നാണ് കോടതിയില്‍ ക്രൈംബ്രാഞ്ച് ബോധിപ്പിച്ചത്. ആശിഷ് ചൗധരിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മാര്‍ക്കറ്റിങ് കമ്പനിയായ മാക്‌സ് മീഡിയോ ഉടമസ്ഥനായ അഭിഷേക് കൊലവാഡെ റിപ്പബ്ലിക് ടി.വിക്കെതിരെ മാപ്പുസാക്ഷിയാകാമെന്ന് സമ്മതിച്ചതായി കസ്റ്റഡി അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്. അഭിഷേകിനെ കഴിഞ്ഞ മാസം 28ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അഭിഷേകില്‍നിന്നാണ് ചൗധരിയെ കുറിച്ചുളള വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. അഭിഷേകിന് എല്ലാ മാസവും 15 ലക്ഷം രൂപ ചൗധരിയില്‍ നിന്ന് ലഭിക്കാറുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
അഭിഷേകിനെ കൂടാതെ മുമ്പ് പിടിയിലായ ഉമേഷ് മിശ്ര എന്ന വ്യക്തിയും താന്‍ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഇതോടെ ടി.ആര്‍.പി.റേറ്റിങ്ങില്‍ കൃത്രിമത്വം കാട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് മാപ്പുസാക്ഷികളായി. കേസില്‍ ഹവാല ബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല.