Breaking News

രോഗികളുടെ എണ്ണവും മരണവും കുറയുന്നു: ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമേകി കോവിഡ് രോഗബാധിതരുടെ എണ്ണവും മരണങ്ങളും കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55,342 ആയി കുറഞ്ഞിട്ടുണ്ട്. ഈ മാസത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 87,000ല്‍ താഴെയായത് വലിയ ആശ്വാസമാണ് നല്‍കുന്നത്. കഴിഞ്ഞ മാസം ലക്ഷത്തിനടുത്തായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മരണ നിരക്ക് ഈ മാസം തുടര്‍ച്ചയായ 9ാം ദിവസവും ആയിരത്തില്‍ താഴെയാണ്. ഈ കണക്കുകളൊക്കെ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായെന്ന് ഉറപ്പിച്ചുപറയാന്‍ കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ജാഗ്രതാ നടപടികളില്‍ അയവു പാടില്ലെന്ന മുന്നറിയിപ്പും ആരോഗ്യ മന്ത്രാലയം നല്‍കുന്നു.
നിലവില്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആശങ്ക കൂടുതലുള്ളത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. കേരളവും ചില ദിവസങ്ങളില്‍ പതിനായിരം കടന്നിരുന്നു. മിക്ക ദിവസങ്ങളിലും പതിനായിരത്തോടടുത്ത കേസുകളാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. ചികിത്സയില്‍ തുടരുന്നവരുടെ എണ്ണത്തിലും ഈ 3 സംസ്ഥാനങ്ങള്‍ മുന്നിലാണ്.
തമിഴ്‌നാട്ടിലും ആന്ധ്രയിലും പ്രതിദിന കേസുകള്‍ അയ്യായിരത്തിനു മുകളിലുണ്ട്. എന്നാല്‍ തുടക്കത്തില്‍ സ്ഥിതി രൂക്ഷമായിരുന്ന യുപി, രാജസ്ഥാന്‍, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അയ്യായിരത്തില്‍ താഴെയായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *