മൃതദേഹം ദഹിപ്പിച്ചത് പുലര്‍ച്ചെ 2.30ന്
പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ചു

സംസ്ക്കരിച്ച നടപടിയില്‍ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിക്കുന്ന പൊലീസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ച ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ സംസ്ക്കരിച്ച പോലീസ് നടപടിയില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം. പെണ്‍കുട്ടിയുടെ ബന്ധുക്കളെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം പോലീസ് മൃതദേഹം ഏറ്റെടുത്ത് ദഹിപ്പിച്ചു എന്നാണ് ആരോപണമുയരുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു പുലര്‍ച്ചെ 2.30ന് പൊലീസ് സംസ്കരിക്കുകയായിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ചതിനു ശേഷമായിരുന്നു പൊലീസ് നടപടി. ഇതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്.
ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് തിരക്കിട്ട് സംസ്കരിച്ചുവെന്നും വീട്ടിലേക്കു കൊണ്ടുപോകാന്‍ സമ്മതിച്ചില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ഹത്രാസ് ജില്ലയിലുള്ള വീട്ടില്‍ നിന്ന് കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെയാണു പിന്നീടു കണ്ടെത്തിയത്. കാലുകള്‍ പൂര്‍ണമായും കൈകള്‍ ഭാഗീകമായും തളര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. പീഡിപ്പിച്ചവര്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് ചെറുത്തതിനിടെ പെണ്‍കുട്ടി സ്വയം കടിച്ചതാകാം കാരണമെന്നായിരുന്നു ഹത്രാസ് എസ്പി വിക്രാന്ത് വീറിന്റെ വിശദീകരണം.
അലിഗഡ് ജവാഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും പെണ്‍കുട്ടിയുടെ മരണത്തില്‍പ്പോലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. സംഭവം രാജ്യത്തിനു നാണക്കേടാണെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ജാതിക്കാരാണു പീഡനം നടത്തിയതെന്നും നിസ്സാര വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്നും സമാജ്വാദി പാര്‍ട്ടി വക്താവ് സുനില്‍ സിങ് സാജന് ആരോപിച്ചു. പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട് പ്രതികരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയിലെത്തി പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു.