Breaking News

പെരിയ കേസ്: രേഖകള്‍ തന്നില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സി.ബി.ഐ

കൊല്ലപ്പെട്ട ശരത് ലാലും കൃപേഷും. ഫയല്‍ ചിത്രം

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ സി.ബി.ഐ അസാധാരണ നടപടിയിലേക്ക് നീങ്ങുന്നു. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ സംസ്ഥാന ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറാതെ ഒളിച്ചുകളി തുടരുകയാണ്.
ആറ് തവണയാണ് സി.ബി.ഐ ക്രൈംബ്രാഞ്ചിനോട് രേഖകള്‍ ആവശ്യപ്പെട്ടത്. അപ്പോഴൊക്കെ ഫയലുകള്‍ കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് മറുപടി നല്‍കിയത്.
ഈ സാഹചര്യത്തിലാണ് കേസ് ഡയറി കൈമാറാന്‍ തയാറായില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി സി.ബി.ഐ ക്രൈം ബ്രാഞ്ചിന് സമന്‍സ് നല്‍കിയിരിക്കുന്നത്. സി.ആര്‍.പി.സി. നിയമത്തിലെ 91-ാം വകുപ്പ് പ്രകാരമാണ് ക്രൈം ബ്രാഞ്ചിന്റെ അസാധാരണ നടപടി.
സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം 26ന് പരിഗണിക്കും. അതുവരെ കേസിലെ അന്വേഷണത്തിന് നിയമപരമായ യാതൊരു തടസ്സവും സി.ബി.ഐക്കു മുന്നിലില്ല.
സംസ്ഥാനത്തെ ഒരു ഏജന്‍സിക്കും കേന്ദ്ര ഏജന്‍സിയുടെ സമന്‍സ് ലഭിച്ച സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. സി.ആര്‍.പി.സി. 91-ാം വകുപ്പ് പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു കേന്ദ്ര ഏജന്‍സി സമന്‍സ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ക്രൈം ബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡി.വൈ.എസ്.പി. പ്രദീപ് കുമാറിന് രണ്ടു ദിവസം മുന്‍പാണ് സി.ബി.ഐ. സമന്‍സ് നല്‍കിയത്.
നേരത്തെ പല തവണ കേസ് ഡയറി സി.ബി.ഐ. ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ ഈ കേസ് പെന്‍ഡിങ് ആണെന്ന് കാരണം പറഞ്ഞാണ് ആദ്യം നല്‍കാതിരുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം ഈ കേസ് വിധി പറയാനായി മാറ്റിവെക്കുകയും ഹൈക്കോടതിയില്‍ പെന്‍ഡിങ് ആവുകയും ചെയ്തിരുന്നു.
എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രസ്താവത്തിനു ശേഷവും കേസ് ഡയറി സി.ബി.ഐക്ക് കൈമാറിയില്ല. പകരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സമന്‍സിന് അനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍, ആവശ്യമെങ്കില്‍ സി.ബി.ഐക്ക് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഹൈക്കോടതിയില്‍ കേസ് വിധി പറയാന്‍ മാറ്റിയ സമയത്ത് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വരുന്നിടംവരെ ഈ കേസിന്റെ അന്വേഷണവുമായി മുന്നോട്ട് പോകില്ല എന്ന ഉറപ്പ് സി.ബി.ഐ ഹൈക്കോടതിക്ക് നല്‍കിയിരുന്നു. ആ ഉറപ്പാണ് കേസ് ഡയറി അടക്കമുള്ളവ സിബിഐക്ക് കിട്ടാന്‍ തടസ്സമായത്.
എന്നാല്‍ കേസ് സുപ്രീംകോടതിയില്‍ അത്തരം ഉറപ്പുകളൊന്നും സി.ബി.ഐ നല്‍കിയിട്ടില്ല. കേസില്‍ സി.ബി.ഐ. അന്വേഷണം തടഞ്ഞുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സി.ബി.ഐ ക്രൈംബ്രാഞ്ചിന് സമന്‍സ് നല്‍കിയ നടപടിയില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *