
വര്‍ക്കല: വര്‍ക്കല കഹാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കലയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കഹാറിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് 12 മണ്ഡലം പ്രസിഡന്റുമാര്‍ രാജി ഭീഷണിയും മുഴക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ദലിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരും സി.സി.സി അംഗം അസീം ഹുസൈനും രാജി സന്നദ്ധത അറിയിച്ചു.
ഇന്ന് രാവിലെ 12 മണിയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഹാറിനുവേണ്ടി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തെരുവിലിറങ്ങിയത്. റെയില്‍വേ സ്‌റ്റേഷന് മുന്നില്‍നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് വര്‍ക്കല മൈതാനത്ത് അവസാനിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ അഡ്വ.ഷാലിയുടെ പേരാണ് വര്‍ക്കലയില്‍ പരിഗണിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് വര്‍ക്കലയില്‍ അഡ്വ.ബി.ഷാലി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത പുറത്തുവന്നത്. അതോടെ കഹാറിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. 2001 മുതല്‍ 2016 വരെ മൂന്ന് തവണ തുടര്‍ച്ചയായി വര്‍ക്കലയിലെ എം.എല്‍.എയായിരുന്നു വര്‍ക്കല കഹാര്‍.
പാര്‍ട്ടിക്കെതിരെയോ ഒരു സ്ഥാനാര്‍ത്ഥിക്കെതിരെയോ അല്ല തങ്ങളുടെ പ്രതിഷേധമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പറയുന്നു. വര്‍ക്കലയില്‍ കോണ്‍ഗ്രസിന് സ്ഥായിയായ സ്ഥാനാര്‍ത്ഥിയുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി പാര്‍ട്ടിക്കൊപ്പവും പ്രവര്‍ത്തകര്‍ക്കൊപ്പവും നില്‍ക്കുന്ന നേതാവാണ് വര്‍ക്കല കഹാര്‍. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം തിരിച്ചുപിടിക്കണം. പുറത്തുനിന്ന് സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുന്നത് ഔചിത്യമല്ല. കോണ്‍ഗ്രസിന്റെ മണ്ഡലം-ബൂത്ത് തലങ്ങളിലെ ഭൂരിഭാഗം നേതാക്കളും പാര്‍ട്ടി സംവിധാനത്തിന്റെ ബഹുഭൂരിപക്ഷവും കഹാറിനെ പിന്തുണയ്ക്കുന്നവരാണ്. പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഹാദ് പറഞ്ഞു.
ഇന്ന് വൈകിട്ട് 6 മണിയോടെ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. ഈയവസരത്തില്‍ വര്‍ക്കല കഹാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം സംസ്ഥാന നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.