
ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. മക്രോണിനെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങളെയും ഇന്ത്യ അപലപിച്ചു.
എന്തിന്റെ പേരിലായാലും ഫ്രാന്‍സില്‍ അധ്യാപകന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ന്യായീകരണമില്ലാത്തതാണെന്നും ഇന്ത്യ പ്രസ്താവിച്ചു. സംഭവത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ച മക്രോണിനെതിരെ പാകിസ്ഥാന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടുകളെയും ഇന്ത്യ അപലപിച്ചു. അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഫ്രഞ്ച് പ്രസിഡന്റിനെതിരെ നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഭീകരവാദത്തിനെതിരായ നിലപാടുകളുടെ ഭാഗമായി 1905-ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താന്‍ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് മക്രോണ്‍ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മക്രോണ്‍ നടത്തിയത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്ന് ആരോപിച്ച് അറബ് രാഷ്ട്രങ്ങള്‍ മക്രോണിനെതിരെ വിമര്‍ശനമുയര്‍ത്തി.
മക്രോണ്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നു എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. സിറിയ, ലിബിയ, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഉയരുന്നുണ്ട്.