
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കറിനെ ഒരാഴ്ചത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ ഒരാഴ്ച ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി കോടതിയെ അറിയിച്ചു. ശിവശങ്കറിനെ കൂടാതെ സ്വപ്‌ന, സരിത്, സന്ദീപ്, ഫൈസല്‍ ഫരീദ് എന്നിവര്‍ കേസില്‍ പ്രതികളാണ്. രണ്ട്് ആഴ്ച ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി നിരാകരിച്ചു.
ഇന്ന് രാവിലെ പത്തരയോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ ശിവശങ്കറെ ഹാജരാക്കിയത്. കസ്റ്റംസ് കസ്റ്റഡിയില്‍ പീഡനം നേരിടുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും കോടതിയില്‍ ശിവശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് ശിവശങ്കറിന് അഭിഭാഷകനെ കാണാനുള്ള അവസരം ഇ.ഡി. ഒരുക്കണമെന്നും മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.