
ബ്രഹ്മപുരം: ബ്രഹ്മപുരം കൊലപാതകത്തിന്റെ പ്രധാന പ്രതി ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രതികൂടി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം ഇളമാട് രേവതിയില്‍ ദിവാകരന് നായരാണ് കൊല്ലപ്പെട്ടത്. കേസില്‍ ബന്ധുവായ പൊന്‍കുന്നം കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍, പന്നമറ്റം ചരളയില്‍ രാജേഷ് (37), കോട്ടയം കിഴക്കടം കണ്ണമല വീട്ടില്‍ സഞ്ജയ് (23), കൊല്ലം തൃക്കണ്ണപുരം പാറവിള വീട്ടില്‍ ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്.
സഹോദരനുമായുള്ള സ്വത്ത് തര്‍ക്കമാണ് ദിവാകരന് നായരുടെ കൊലപാതകത്തില്‍ കലാശിച്ചത്. ദിവാകരന് നായരും അനിയനും തമ്മിലുള്ള 14 വര്‍ഷമായുള്ള സ്വത്ത് കേസില്‍ സഹോദരന് അനുകൂലമായി വിധിയുണ്ടായി. എന്നാല്‍, ഇത് നടപ്പാക്കാന്‍ ദിവാകരന് നായര്‍ തടസ്സം നിന്നു. ദിവാകരന് നായരുടെ സഹോദരന്റെ മരുമകളുടെ അച്ഛനും കേസിലെ ഒന്നാം പ്രതിയുമായ അനില്‍കുമാരിനെ ദിവാകരന് നായര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
അനില്‍കുമാര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്. പ്രതി രാജേഷിന്റെ വനിതാ സുഹൃത്തായ ഷാനിഫയെ ഉപയോഗിച്ച് ദിവാകരന് നായരെ ആലുവയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയമെല്ലാം ദിവാകരന് നായരെ ഫോണില്‍ വിളിച്ച് ഇയാള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ പ്രതികള്‍ക്ക് ഷാനിഫ പറഞ്ഞുകൊടുത്തു.
കാക്കനാട്ടു വെച്ച് കാര്‍ കേടായതിനെ തുടര്‍ന്ന് വര്‍ക്ഷോപ്പില്‍ കാര്‍ ഏല്‍പ്പിച്ച ശേഷം ഓട്ടോയില്‍ ദിവാകരന് നായര്‍ പത്തടിപ്പാലം, തൃക്കാക്കര എന്നിവിടങ്ങളില്‍ താമസസ്ഥലം അന്വേഷിച്ച് നടന്നു. ഒടുവില്‍ തൃക്കാക്കര ജഡ്ജിമുക്കിനു സമീപം ഓട്ടോയില്‍ നിന്നിറങ്ങിയ ദിവാകരന് നായരെ കാറില്‍ എത്തിയ പ്രതികള്‍ ബലമായി പിടിച്ച് കാറിലേക്ക് കയറ്റി. കാറിന്റെ സീറ്റിനിടയിലേക്കു വീണ ദിവാകരന് നായരെ പ്രതികള്‍ കാറില്‍ വച്ച് മര്‍ദിക്കുന്നതിനിടെ മരിച്ചു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലം നോക്കി ബ്രഹ്മപുരത്ത് മെമ്പര്പടിക്ക് സമീപം റോഡിന് വശത്തായി മൃതദേഹം ഉപേക്ഷിച്ചു.
ഇന്‍ഫോപാര്‍ക്ക് സി.ഐ. പ്രസാദ്, അസിസ്റ്റന്റ് കമ്മിഷണറുടെ സ്ക്വാഡില്‍ ഉള്ള എസ്.ഐ. മധുസൂദനന്, സി.എം. ജോസി, എ.എസ്.ഐ.മാരായ കെ.ബി. ബിനു, പി. അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ ഹരികുമാര്‍, കെ.വി. ഡിനില്‍ എന്നിവരും ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലെ എസ്.ഐ.മാരായ എ.എന്‍. ഷാജു, മധു, സുരേഷ്, അമില എന്നിവരുടെ നേതൃത്വത്തിലുമുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.