
ബെംഗളുരു: ബിനീഷ് അനൂപ് മുഹമ്മദിനെ ബിനാമിയാക്കി പണം മുടക്കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. 25 ലക്ഷം രൂപ അഡ്വാന്‍സും മൂന്നര ലക്ഷം രൂപ മാസവാടകയും നല്‍കിയാണ് അനൂപും സംഘവും കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ഈ ഹോട്ടല്‍ നടത്തിപ്പിനായി ബിനീഷ് അനൂപിനെ ബിനാമിയാക്കി പണം മുടക്കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്.
ഹോട്ടലിന്റെ 205-ാം നമ്പര്‍ റൂമിലായിരുന്നു അനൂപിന്റെ താമസവും. ബിനീഷ് കോടിയേരി അടക്കമുളള നിരവധി പ്രമുഖര്‍ ഇവിടെ സന്ദര്‍ശകരായി എത്തിയിട്ടുണ്ടെന്ന് അനൂപ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. വിദേശികളും ഇവിടെ വന്നുപോയി. കൂടാതെ ഈ ബിസിനസ്സില്‍ ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്ന് അനൂപ് മൊഴി നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോട്ടലുടമകളുമായി കരാര്‍ ഉണ്ടാക്കിയത്.
മയക്കുമരുന്ന് കച്ചവടവം ലക്ഷ്യമിട്ടാണ് അനൂപ് ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്തതെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ കണ്ടെത്തി. അനൂപിന്റെയും സംഘത്തിന്റെയും ഹോട്ടല്‍ കേന്ദ്രീകരിച്ചുളള മയക്കുമരുന്ന് ഇടപാടുകള്‍ മാസങ്ങളായി എന്‍.സി.ബി നിരീക്ഷിച്ചിരുന്നു. ഹോട്ടലില്‍ അനൂപ് മുഹമ്മദിന്റെ തിരുവനന്തപുരം രജിസ്ട്രേഷനിലുളള ബുളളറ്റ് ഇപ്പോഴുമുണ്ട്. ഇതിന്റെ താക്കോല്‍ അന്വേഷണ ഏജന്‍സികളുടെ കൈയിലാണ്.