
ന്യൂഡല്‍ഹി: ബുറൈവി ചുഴലിക്കാറ്റ് തീരം തൊട്ടു. ശ്രീലങ്കയിലെ ട്രിങ്കോമാലിക്ക് അറുപതു കിലോമീറ്റര്‍ അകലെയാണ് ബുറെവി തീരം തൊട്ടത്. നിലവില്‍ ബുറൈവി 12 കി.മീ വേഗതയില്‍ കന്യാകുമാരിയില്‍ നിന്ന് ഏകദേശം 380 കിമീ ദൂരത്തിലാണ്. ഇന്ന് ഉച്ചയോടെ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ബുറൈവി 70-80 കി.മീ വേഗത കൈവരിക്കുമെന്നാണ് സൂചന.
തെക്കന്‍ കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ ഭാഗങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. നാളെ കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
അതിതീവ്ര ന്യൂനമര്‍ദ്ദമായതിനാല്‍ കേരളത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് കെ.എസ്.ഡി.എം.എയുടെ മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് എല്ലാത്തരം മത്സ്യബന്ധനയാനങ്ങള്‍ക്കും വിലക്കുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് പലയിടത്തും അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.