
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ എന്‍.ഡി.എയും മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എന്‍.ഡി.എ 128, മഹാസഖ്യം 101 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ലീഡ് നില. മാറിമറയുന്ന ലീഡ് നില സസ്പെന്‍സിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.
വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ കനത്ത പോരാട്ടമാണ് ഇരുമുന്നണികളും നടത്തുന്നത്. തുടക്കത്തില്‍ മഹാസഖ്യം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരു ഘട്ടത്തില്‍ എന്‍.ഡി.എയുടെ ഇരട്ടിയിലധികം സീറ്റുകളിലേക്ക് ലീഡ് നേടാന്‍ മഹാസഖ്യത്തിന് സാധിച്ചിരുന്നു.
എന്നാല്‍, പിന്നീട് മഹാസഖ്യത്തിന്റെ ലീഡ് നില താഴേക്ക വരുന്ന കാഴ്ചയാണ് കണ്ടത്. എന്‍.ഡി.എ പതുക്കെപ്പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്നതോടെ മഹാസഖ്യം ഇപ്പോള്‍ എന്‍.ഡി.എയ്ക്ക് പിന്നിലാണ്. ഇങ്ങനെ പോയാല്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്.
നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയാവാനാണ് സാധ്യത. 73 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 61 ഇടങ്ങളില്‍ ആര്‍.ജെ.ഡിയും 48 ഇടങ്ങളില്‍ ജെ.ഡി.യുവും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് 21 ഇടങ്ങളില്‍ ലീഡ് ഉണ്ട്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ മഹാസഖ്യത്തിന് കേവലഭൂരിപക്ഷം നേടാനാകുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ അതിനെയൊക്കെ പിന്തള്ളി എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്. എന്നാല്‍ അവരുടെ ലീഡ് നില ഇപ്പോഴത്തെ അവസ്ഥയില്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാവുന്നതല്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 243-ല്‍ 241 മണ്ഡലങ്ങളിലെ ഫലമാണ് ലഭ്യമായത്. 128 മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നുണ്ട്. 101 സീറ്റുകളിലാണ് മഹാസഖ്യം മുന്നേറുന്നത്. കനത്ത സുരക്ഷയില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.