Breaking News

നേട്ടം ബി.ജെ.പിക്കോ? നിതീഷിനെ വിഴുങ്ങി മുന്നേറ്റം

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത് ബി.ജെ.പിയോ? ആണെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ഇതുവരെയുള്ള ഫലം വിലയിരുത്തിയാല്‍ ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബി.ജെ.പി. അഞ്ചുതവണ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെ പിന്തള്ളി ബിജെപി മുന്നേറിക്കഴിഞ്ഞു. ബിജെപി 72 സീറ്റുകളിലും നിതീഷിന്റെ ജെഡിയു 48 സീറ്റുകളിലുമാണു ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ തവണ ലഭിച്ച 53 സീറ്റാണ് ഇത്തവണ ബി.ജെ.പി 72 സീറ്റിന്റെ ലീഡിലൂടെ മറികടക്കുമെന്ന് സൂചന നല്‍കുന്നത്. കഴിഞ്ഞ തവണ 71 സീറ്റുകള്‍ നേടിയ ജെഡിയുവിന് ഇതുവരെ 48 സീറ്റിലേ ലീഡ് ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. ജെ.ഡി.യുവിന്റെ ഭൂരിഭാഗം സ്ഥാനാര്‍ഥികളും ഇക്കുറി പിന്നിലാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഇതോടെ വര്‍ഷങ്ങളായി നിതീഷിന്റെ നിഴലായി നടന്ന ബി.ജെ.പി ബിഹാറില്‍ വന്‍ ശക്തിയായി മാറുന്ന കാഴ്ചയാണ് ഇതുവരെയുള്ള ഫലസൂചനകള്‍ നല്‍കുന്നത്. ഒരിക്കല്‍ പോലും ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം സ്വന്തമാക്കാന്‍ കഴിയാതിരുന്ന ബിജെപി ഇക്കുറി ചിരാഗിന്റെ സഹായത്തോടെ ഭരണത്തിലെത്താനുള്ള നീക്കവും തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം നടത്തിയിരുന്നു.
സീറ്റ് വിഭജനത്തില്‍ നിതീഷിനോടുള്ള അതൃപ്തി രേഖപ്പെടുത്തി എന്‍.ഡി.എ വിട്ട ചിരാഗ് പസ്വാനെ പിണക്കാതിരിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം വളരെയേറെ ശ്രദ്ധിച്ചിരുന്നു. നിതീഷിനെ കണക്കറ്റ് വിമര്‍ശിച്ച ചിരാഗും ബി.ജെ.പിയോട് സൗഹൃദ നിലപാടാണ് സ്വീകരിച്ചത്.
മോദിക്കോ തനിക്കോ വോട്ട് ചെയ്യണമെന്നായിരുന്നു ചിരാഗ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നത്. വേണ്ടിവന്നാല്‍ ചിരാഗിന്റെ സഹായത്തോടെ നിതീഷിനെ ഒതുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയ ഈ നീക്കം ഫലംകണ്ടുവെന്ന് വേണം കരുതാന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *