Breaking News

സംസ്ഥാന-ദേശീയ-അന്താരാഷ്ട്ര പുരസ്‌കാര ജേതാക്കളുടെ ‘സയനൈഡ്’

ഇരുപത് യുവതികള്‍ക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ, കര്‍ണാടകയില്‍ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകനായ സയനൈഡ് മോഹന്‍ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ദേശീയ പുരസ്‌കാര ജേതാവായ രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സയനൈഡ് ‘.
മികച്ച നടിക്കുള്ള ദേശീയ ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി, കേസ് അന്വേഷിക്കുന്ന ഐജി റാങ്കിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്സറായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സാങ്കേതിക രംഗത്തും അഭിനയ രംഗത്തും പുരസ്‌കാരജേതാക്കളായവരുടെ ഒരു വന്‍ സംഘവുമായാണ് സയനൈഡ് എന്ന ബഹുഭാഷാചിത്രത്തിന്റെ വരവ്.
അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തില്‍ ഹിന്ദി പതിപ്പില്‍ ബോളിവുഡ് താരം യശ്പാല്‍ ശര്‍മ്മയാണ് പ്രിയാമണി അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നത്.
രാജേഷ് ടച്ച്‌റിവറിന്റെ ആദ്യ സംവിധാന സംരംഭമായ, ഏറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ബ്രിട്ടീഷ് ചിത്രം ‘ ഇന്‍ ദ നെയിം ഓഫ് ബുദ്ധ’, പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ‘പട്‌നാഗര്‍’ എന്നീ ചിത്രങ്ങള്‍ക്കുശേഷം
രാജേഷ് ടച്ച്‌റിവറിനൊപ്പം മറ്റൊരു നിര്‍ണ്ണായക കഥാപാത്രത്തെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഷിജു അവതരിപ്പിക്കുന്നു. തെലുങ്ക് നടനും സംവിധായകനുമായ തനികെല ഭരണി തമിഴ് നടന്‍ ശ്രീമന്‍ മലയാളത്തില്‍ നിന്നും യുവതാരം സഞ്ജു ശിവറാം, രോഹിണി, മുകുന്ദന്‍, ഷാജു ഹിന്ദിയില്‍ നിന്നും ചിത്തരഞ്ജന്‍ ഗിരി, രാംഗോപാല്‍ ബജാജ്, സമീര്‍ തുടങ്ങിയ പ്രമുഖരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോടതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിരീക്ഷിച്ച സയനൈഡ് മോഹന്റെ കഥ സയനൈഡ് എന്ന പേരില്‍ ഒരു കുറ്റാന്വേഷണചിത്രമായാണ് രാജേഷ് ടച്ച്‌റിവര്‍ വെള്ളിത്തിരയിലെത്തിക്കുന്നത്. കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ നിന്നും യുവതികളെ പ്രണയം നടിച്ച് ഹോട്ടല്‍ മുറികളിലെത്തിച്ച് ഒരു രാത്രി ഒന്നിച്ച് ചെലവിട്ട ശേഷം ഗര്‍ഭനിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് ചേര്‍ത്ത ഗുളിക നല്‍കി അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളയുന്നതായിരുന്നു മോഹന്റെ രീതി. ഇരുപതോളം യുവതികളെ ഇത്തരത്തില്‍ വധിച്ച ഇയാള്‍ക്കെതിരെ വിവിധ കേസുകളില്‍ കോടതി ആറു വധശിക്ഷയും പതിനാല് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഈ യഥാര്‍ത്ഥ സംഭവമാണ് രാജേഷ് ടച്ച്‌റിവര്‍ സിനിമയില്‍ ആവിഷ്‌കരിക്കുന്നത്.
പ്രവാസി വ്യവസായിയായ പ്രദീപ് നാരായണന്‍ മിഡില്‍ ഈസ്റ്റ് സിനിമയുടെ ബാനറില്‍ സയനൈഡ് നിര്‍മ്മിക്കുന്നു. ഒരേസമയം ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളില്‍ ചിത്രീകരിക്കുന്ന ഈ ബൃഹദ്‌സിനിമയില്‍ അഞ്ച് ഭാഷകളില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
രാജേഷ് ടച്ച്‌റിവര്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന സയനൈഡിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങള്‍ സംവിധായകന്‍ രാജേഷ് ടച്ച്‌റിവറും ലെനന്‍ ഗോപിയും ചേര്‍ന്ന് എഴുതുന്നു. തെലുഗു തമിഴ് പതിപ്പുകളില്‍ യഥാക്രമം രവി പുന്നം, രാജാ ചന്ദ്രശേഖര്‍ എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്. വിശ്വരൂപം, ഉത്തമവില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കമല്‍ഹാസനൊപ്പം പ്രവര്‍ത്തിച്ച സാദത് സൈനുദ്ദീന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.
പദ്മശ്രീ അവാര്‍ഡ് ജേതാവായ ഡോ സുനിതകൃഷ്ണനാണ്
സംഭവകഥ സിനിമയാക്കുന്ന കാര്യങ്ങളുടെ ഉപദേശക. അന്താരാഷ്ട്ര പുരസ്‌കാരജേതാവായ ബോളിവുഡ് സംഗീതസംവിധായകന്‍ ജോര്‍ജ്ജ് ജോസഫ് സംഗീതം പകരുന്നു.
ഒട്ടനവധി ഹിന്ദി, തമിഴ്, തെലുഗു, കന്നട ചിത്രങ്ങളുടെ എഡിറ്ററും എംജിആര്‍ – ശിവാജി അവാര്‍ഡ് ജേതാവും മലയാളിയുമായ ശശികുമാര്‍ എഡിറ്റിംങ് നിര്‍വഹിക്കുന്നു.കല- ഗോകുല്‍ദാസ്, മേക്കപ്പ്- എന്‍. ജി റോഷന്‍, ശബ്ദ സന്നിവേശം-അജിത അബ്രഹാം ജോര്‍ജ്ജ്,വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍.
അടുത്ത ജനുവരിയില്‍ മംഗലാപുരത്ത് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍ മംഗളൂരു, കുടക്, മടിക്കേരി, ഗോവ, ഹൈദരാബാദ്, കാസര്‍ക്കോട് എന്നിവിടങ്ങളിലായിരിക്കും.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *