
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം. ഇതിനായി തകൃതിയായ പരിപാടികള്‍ ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുകയാണ് ബി.ജെ.പി.
ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കഴിയുംവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാസത്തില്‍ 2 തവണയും ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ മാസത്തില്‍ 3 തവണയും ബംഗാള്‍ സന്ദര്‍ശിക്കാന്‍ തീരുമാനമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വിലയിരുത്താനാണ് ഇവരുടെ സന്ദര്‍ശനങ്ങള്‍.
എന്നാല്‍, ഏതൊക്കെ ദിവസങ്ങളിലാണ് അമിത് ഷായും നദ്ദയും ബംഗാള്‍ സന്ദര്‍ശിക്കുന്നതെന്ന കാര്യം ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു. ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ശക്തമായ സംഘടനാ സംവിധാനമാണ് ബംഗാള്‍ പിടിക്കുന്നതിനായി ബി.ജെ.പി നേതൃത്വം ഒരുക്കുന്നത്. ഇതിനായി സംസ്ഥാനത്തെ മിഡ്നാപൂര്‍, നവദ്വീപ്, ഉത്തരബംഗാള്‍, കൊല്‍ക്കത്ത, അസന്സോള്ദുര്ഗാപുര് എന്നിങ്ങനെ 5 മേഖലകളായി തിരിച്ചിട്ടുണ്ട്.
മിഡ്നാപൂരില്‍ സുനില്‍ ദിയോധറും, നവദ്വീപില്‍ വിനോദ് താവ്റെയും, ഉത്തരബംഗാളില്‍ ഹരീഷ് ദ്വിവേദിയും, കൊല്‍ക്കത്തയില്‍ ദുഷ്യന്ത് ഗൗതവും, അസന്‍സോള്‍-ദുര്‍ഗാപുര്‍ മേഖലയില്‍ വിനോദ് സൊന്കറും ചുമതലകള്‍ വഹിക്കും. ഇവര്‍ സംസ്ഥാനത്തെത്തി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
താഴെ തട്ടുമുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ആഴ്ചതോറും കുടുംബയോഗങ്ങള്‍ കൂടും. ഇതോടൊപ്പം മറ്റ് സംഘടനാ പരിപാടികളും സംഘടിപ്പിക്കും. ഇവിടങ്ങളിലൊക്കെ പൗരത്വ ഭേദഗതി നിയമം, അനധികൃത കുടിയേറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചയാക്കും.
ബംഗാളില്‍ എഴുപതിനായിരത്തോളം ബൂത്തുകളാണുള്ളത്. സംഘടനാ സംവിധാനങ്ങളുടെ നിരീക്ഷരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ നേതൃത്വം നല്‍കും. സംഘടനാ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആഴ്ചതോറും അമിത് ഷായ്ക്ക് നല്‍കും.