![]()
പ്രകൃതിയെ ധിക്കരിച്ചാല്‍ അത് തിരിച്ചടി നല്‍കുമെന്ന പാഠം കാലങ്ങളായി നല്കിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു തിരിച്ചറിവിലേക്കാണ് കേരളജനതയെ പ്രകൃതി ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ നയിച്ചത്. നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ പുറകില്‍ ശിക്ഷയുണ്ടെന്നതുപോലെ പ്രകൃതിനിയമങ്ങളുടെ കാര്യത്തിലും അത് സത്യമാകുന്നു. വികസനത്തിന്റെ പേരില്‍ അത് തകിടം മറിക്കുമ്പോള്‍ അതിനനുസരിച്ചുള്ള പ്രത്യാഘാതങ്ങള്‍ പുറകെയുണ്ടാകുന്നു. ഇവിടെ പ്രകൃതിനിയമങ്ങള്‍ നാം തിരിച്ചറിയേണ്ടതാണ്.
പ്രപഞ്ചത്തിലെ എല്ലാവസ്തുക്കളും പ്രകൃതിയുടെ നിയമങ്ങള്‍ക്ക് വിധേയമായാണ് ചരിക്കുന്നത്. സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമടക്കം സര്‍വ്വചരാചരങ്ങളും പ്രകൃതിക്ക് വിധേയമാണ്.
പ്രകൃതിയെ അമ്മയായും ശക്തിയായും ആരാധിക്കുന്ന സംസ്കാരമാണ് നാം ഭാരതീയരുടേത്. പ്രകൃതിസംരക്ഷണം എന്നത് ഭാരതീയസംസ്കാരത്തിന്റെ സന്ദേശമാണ്.
‘നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും;
നീയല്ലോദൈവമേ സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും’
എന്ന് ശ്രീനാരായണഗുരുദേവന്‍ ദൈവദശകത്തില്‍ ഈശ്വരനെ സ്തുതിക്കുന്നുണ്ട്. പ്രകൃതിയെന്നത് ഈശ്വരന്റെ പ്രതിരൂപമാണ് എന്നും പ്രതൃതിയും ഈശ്വരനും രണ്ടല്ലയെന്നും ഇതില്‍നിന്നും മനസിലാക്കാം. വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ ഈശ്വരദ്വേഷമാണ് നാം ചെയ്യുന്നത്.
ചൂഷണത്തിന്റെ ഭാഗമായി കായലുകള്‍ നികത്തുക, മലകള്‍ ഇടിച്ചുനിരത്തുക, നദികളില്‍ നിന്നും മണല്‍ വാരുക, വനം നശിപ്പിക്കുക തുടങ്ങിയവ വ്യാപകമാകുമ്പോള്‍ പ്രകൃതിയുടെ താളംതെറ്റുന്നു. പ്ലാസ്റ്റിക്ക് അടക്കമുള്ള വിവിധ മാലിന്യങ്ങള്‍ കൊണ്ട് പരിസരം വൃത്തിഹീനമാകുമ്പോള്‍ പുതിയതരം രോഗാണുക്കളെ സൃഷ്ടിച്ചുകൊണ്ട് മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പുതിയ പുതിയ രോഗങ്ങള്‍ നല്‍കിക്കൊണ്ട് പ്രകൃതി തിരിച്ചടി നല്കുന്നു. മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും മറ്റും ശരീരപ്രവര്‍ത്തനങ്ങള്‍ പ്രകൃതിയുടെ മാറ്റമില്ലാത്ത അലിഖിതനിയമത്തിന് വിധേയമാണ് എന്ന് നാം പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്.
ലോകത്ത് രൂപം കൊണ്ടിട്ടുള്ള മതങ്ങളെല്ലാം തന്നെ പ്രകൃതിസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. റീത്ത, കത്രീന, ഗജ തുടങ്ങിയ ചുഴലിക്കാറ്റുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിയതിന്റെ ദുരന്താനുഭവങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
‘പ്രകൃതിയെ കീഴടക്കിയെന്ന് അഹങ്കരിക്കുന്ന അല്പബുദ്ധികള്ക്ക് മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും ഇളക്കിവിട്ട് പ്രകൃതി തിരിച്ചടി നല്‍കും’ എന്ന ജര്‍മ്മന്‍ സ്വേഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ വാക്കുകള്‍ പ്രകൃതിദുരന്തങ്ങളെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ആധുനിക മനുഷ്യ സമൂഹത്തിന് ഒരു താക്കീതാണ്. ————Gokul—————