
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിക്കുന്നുവെന്നും ഫോറിന് കോണ്ട്രിബ്യൂഷന് (റെഗുലേഷന്) നിയമത്തിന്റെ കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്. ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ആംനെസ്റ്റി ഇന്റര്‍നാഷനല്‍ യുകെ അനധികൃതമായി 10 കോടി രൂപ മന്ത്രാലയ അനുമതിയില്ലാതെ ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് ആരോപിച്ച് സിബിഐ കേസെടുത്തിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ യുകെ ആസ്ഥാനമാക്കിയ കമ്പനികളില്‍നിന്ന് മറ്റൊരു 26 കോടിയും ആംനെസ്റ്റി ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതില്‍നിന്നെല്ലാം ആംനെസ്റ്റി വിദേശ കോണ്ട്രിബ്യൂഷന് നിയമം ലംഘിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.
എന്നാല്‍, മനുഷ്യാവകാശ സംഘടനകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന അടിസ്ഥാനരഹിതവും പ്രചോദിതവുമായി ആരോപണങ്ങളില്‍ പുതിയതാണിതെന്നു പറഞ്ഞ ആംനെസ്റ്റി, ഇന്ത്യയിലെയും രാജ്യാന്തര തലത്തിലെയും എല്ലാ നിയമങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കുന്നു.
ഈ മാസം പത്തിനാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവരം അറിഞ്ഞതെന്നും ആംനെസ്റ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും നിര്‍ത്തിവച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഡല്‍ഹി കലാപം, ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിനെ തുടര്‍ന്നു ജമ്മു കശ്മീരിലുണ്ടായ പ്രശ്നങ്ങളുമാണ് അടുത്തിടെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആംനെസ്റ്റി ഇന്റര്നാഷനലിനെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മൊത്തത്തില്‍ മരവിപ്പിക്കാനുള്ള തീരുമാനം പെട്ടെന്നുള്ളതല്ല.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പീഡനം സര്‍ക്കാരില്‍ സുതാര്യത വേണമെന്ന് തങ്ങളുടെ ആഹ്വാനത്തിന്റെ ഫലമാണ്. ജമ്മു കശ്മീരിലും ഡല്‍ഹി കലാപത്തിനിടയിലും നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പറഞ്ഞതും വിരോധത്തിനു കാരണമായി. അനീതിക്കെതിരെ പോരാടുക മാത്രമാണ് തങ്ങള്‍ ചെയ്തിരുന്നതെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.
അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 2017ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആംനെസ്റ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. പിന്നീട് അവര്‍ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയുമായിരുന്നു. എന്നാല്‍ അവരുടെ അക്കൗണ്ടുകള്‍ സീല്‍ഡ് ആയി തുടര്‍ന്നു.